Movie News

അല്ലുവിന് ഒളിയമ്പ് എയ്ത് പവന്‍ കല്യാണ്‍; ഇപ്പോള്‍ നായകന്‍ ചന്ദനക്കടത്തുകാരനും പരിസ്ഥിതി നശിപ്പിക്കുന്നവനും

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും പ്രശസ്ത നടനുമായ പവന്‍ കല്യാണും ബന്ധുവും മറ്റൊരു സൂപ്പര്‍താരവുമായ അല്ലുഅര്‍ജുനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തെലുങ്ക് സിനിമാവേദിയില്‍ തിളച്ചുമറിയുകയാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധുക്കളായിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്ലു അര്‍ജുന്‍ പവന്‍ കല്യാണിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത് സിനിമാവേദിയില്‍ മാത്രമല്ല കുടുംബത്തില്‍പോലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ചിരഞ്ജീവിയും തേജയുമൊക്കെ പവനെ പിന്തുണച്ചപ്പോഴാണ് അല്ലു തള്ളിപ്പറഞ്ഞത്.

ഈ വിദ്വേഷത്തിന് എരിവ് കൂട്ടി പവന്‍ കല്യാണ്‍ അല്ലുഅര്‍ജുന്റെ വന്‍ ഹിറ്റായ സിനിമ ‘പുഷ്പ: ദി റൈസിംഗിനെ’ ലക്ഷ്യമിട്ട് എറിഞ്ഞ വിമര്‍ശനമാണ് ഇപ്പോള്‍ ചര്‍ച്ച. അടുത്തിടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ നായകന്മാരെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞ പവന്‍ കല്യാണ്‍ അല്ലുവിന്റെ ‘പുഷ്പ’ യിലെ ചന്ദനത്തടി കടത്തുന്ന കള്ളക്കടത്തുകാരന്റെ വേഷത്തെ ലക്ഷ്യമിട്ട് രൂക്ഷവിമര്‍ശനം തൊടുത്തു. കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ബി. ഖണ്ഡ്രെയ്ക്കൊപ്പം സംസാരിച്ച കല്യാണ്‍, ആധുനിക സിനിമകള്‍ നായകന്മാരെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു, അല്ലു അര്‍ജുന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുഷ്പ: ദി റൈസായിരുന്നു താരം ലക്ഷ്യം വെച്ചത്.

പത്രസമ്മേളനത്തില്‍, 1973-ലെ കന്നഡ ക്ലാസിക് ഗന്ധദ ഗുഡിയെക്കുറിച്ച് കല്യാണ്‍ അനുസ്മരിച്ചു, അതില്‍ ഡോ. രാജ്കുമാര്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നില കൊള്ളുന്ന ഫോറസ്റ്റ് ഓഫീസറെ അവതരിപ്പിച്ചു. ”ഏകദേശം 40 വര്‍ഷം മുമ്പ്, വേട്ടക്കാരില്‍ നിന്നും കള്ളക്കടത്തുകാരില്‍ നിന്നും വനങ്ങളെ സംരക്ഷിച്ച ഒരാളായിരുന്നു ഒരു നായകന്‍. എന്നിരുന്നാലും, ഇപ്പോള്‍ നായകനെ പലപ്പോഴും വനങ്ങള്‍ നശിപ്പിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്യുന്ന ഒരാളായാണ് ചിത്രീകരിക്കുന്നത്.” പവന്‍ കല്യാണ്‍ തുറന്നടിച്ചു.

ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പങ്കിട്ട കല്യാണിന്റെ പരാമര്‍ശങ്ങളുടെ വീഡിയോ വൈറലാണ്. ”സിനിമകളിലെ കള്ളക്കടത്തിനെക്കുറിച്ചുള്ള പവന്‍ കല്യാണിന്റെ വിമര്‍ശനം അല്ലു അര്‍ജുന്റെ പുഷ്പ രാജിനെ അവതരിപ്പിച്ചതിനുള്ള മറുപടിയാണെന്ന് തോന്നുന്നു.” ഒരാള്‍ കമന്റിട്ടത് ഇങ്ങിനെയായിരുന്നു. എന്നാല്‍ കല്യാണിനെ പിന്തുണയ്ക്കുന്നവര്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ന്യായീകരിച്ചു, ഏതെങ്കിലും പ്രത്യേക സിനിമയെയോ വ്യക്തിയെയോ ടാര്‍ഗെറ്റുചെയ്യുന്നതിനുപകരം വിശാലമായ സാംസ്‌കാരിക മാറ്റത്തെ അഭിസംബോധന ചെയ്യാനാണ് അവ ഉദ്ദേശിച്ചതെന്ന് അഭിപ്രായപ്പെട്ടു.