കളിക്കാരികളുടെ ഗ്‌ളാമര്‍ ലോകകപ്പിലായാലും ഒളിമ്പിക്‌സിലായാലും വനിതകളുടെ ബീച്ച്‌വോളി മത്സരത്തിന്റെ സൗന്ദര്യത്തിന്റെ ഒരു പ്രധാനഘടകമാണ്. എന്നാല്‍ പാരിസ് 2024 ഒളിമ്പിക്‌സിലെ ഒരു ബീച്ച്‌വോളി മത്സരം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്റെ വനിതാടീമും ആഫ്രിക്കന്‍ പ്രതിനിധികളായ ഈജിപ്തും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമിന്റെയും താരങ്ങള്‍ ധരിച്ച വേഷമാണ് ചര്‍ച്ചാവിഷയം.
സ്പാനിഷ് വനിതകളായ ലിലിയാന ഫെര്‍ണാണ്ടസും പൗളാ സോറിയാ ഗുട്ടിറെസ്സും രാജ്യത്തിന്റെ ഔദ്യോഗിക നിറമായ ചുവപ്പിലുള്ള ബിക്കിനിയും ക്യാപ്പും കണ്ണടയുമായി ബീച്ച്‌വോളിയുടെ പരമ്പരാഗത വേഷത്തില്‍ അതീവ ഗ്‌ളാമറില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈജിപ്ഷ്യന്‍ വനിതകള്‍ കളത്തിലെത്തിയത് അതിന്റെ നേര്‍ വിപരീതത്തിലും. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രവും ശിരോവസ്ത്രവും കണ്ണാടിയും വെച്ച് തികച്ചും മതപരമായ അനുശാസനങ്ങള്‍ അനുസരിച്ചായിരുന്നു ഈജിപ്തിന്റെ മാര്‍വാ അബ്ദലാദിയും ദോവ എല്‍ഗോബാഷിയും കളത്തിലെത്തിയത്. ഫ്രാന്‍സില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനമുണ്ട്. പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഈജിപ്ത് ബീച്ച് വോളി ടീം അംഗങ്ങള്‍ ഫ്രാന്‍സിന്റെ നിരോധനത്തിനെതിരെ രംഗത്ത് വന്നിരുന്നു. അവര്‍ക്ക് ബിക്കിനിയില്‍ കളിക്കണമെങ്കില്‍ എനിക്ക് ഹിജാബില്‍ കളിക്കണം എന്നും നിങ്ങള്‍ക്ക് നഗ്നരാകണമെന്നുണ്ടെങ്കില്‍ അതും ഹിജാബ് ധരിക്കണമെന്നുണ്ടെങ്കില്‍ അതും ശരിയാണെന്നായിരുന്നു ഈജിപ്ഷ്യന്‍ താരം ദോവ പറഞ്ഞത്.
‘എല്ലാം ശരിയാണ്. എല്ലാ വ്യത്യസ്ത സംസ്‌കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുക. എനിക്ക് എന്റെ ഹിജാബില്‍ കളിക്കണം, അവള്‍ക്ക് ബിക്കിനിയില്‍ കളിക്കണം. എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോട് ആര്‍ക്കും പറയാനാവില്ല. ഇത് ഒരു സ്വതന്ത്ര രാജ്യമാണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ളത് ചെയ്യാന്‍ അനുവദിക്കണം,” അവര്‍ പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റ് 10 ഗ്രൂപ്പുകളും ജൂണില്‍ നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചിരുന്നു. ഈ വിധി മുസ്ലീം കായികതാരങ്ങളോടുള്ള വിവേചനമാണ് എന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ഒരു ടീമിന്റെ യോഗ്യത നിര്‍ണ്ണയിക്കുന്ന അവസാന പൂള്‍ മാച്ചായിരുന്നു ഇത്. മത്സരത്തില്‍ സ്‌പെയിന്‍ ഈജിപ്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.