Health

പാരസെറ്റമോള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടോ? കരള്‍ നാശത്തിലേക്കു നയിക്കുമെന്ന് പഠനം

ഏത് വീട്ടിലും ഇപ്പോള്‍ സ്റ്റോക്കുള്ള ഒരു മരുന്നാണ് പാരസെറ്റമോള്‍. കോവിഡ് വന്നതിന് ശേഷം പാരസെറ്റമോളിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചു. ചെറിയ പനി വന്നാല്‍ പോലും പാരസെറ്റമോളിനെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ പാരസെറ്റമോള്‍ അമിതമായി കഴിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തന്നെ ഉണ്ടായേക്കാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്.

എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് പാരസെറ്റമോളിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കും നയിക്കാമെന്നാണ്.പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ് പഠനം. എലികളുടെയും മനുഷ്യരുടെയും കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അനുയോജ്യമല്ലാത്ത ഉപയോഗം വഴി പാരസെറ്റാമോള്‍ ഉണ്ടാക്കുന്ന നാശം ലഘൂകരിക്കാനുള്ള വഴികളെ സംബന്ധിച്ചും പഠനം പുതിയ സൂചനകള്‍ നല്‍കുന്നു. കൂടുതല്‍ സുരക്ഷിതമായ ബദല്‍ മരുന്നുകളുടെ സാധ്യതകളിലേക്കും വഴി തുറക്കുന്നതാണ് പഠനമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ചില സാഹചര്യങ്ങളില്‍ പാരസെറ്റാമോള്‍ കരളിലെ കോശങ്ങള്‍ക്കിടയിലുള്ള ടൈറ്റ് ജംഗ്ഷനുകള്‍ എന്ന ഘടനാപരമായ സന്ധിസ്ഥാനങ്ങളെ ബാധിച്ച് കരള്‍ കോശസംയുക്തങ്ങള്‍ക്ക് നാശം വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അര്‍ബുദം ലിവര്‍ സിറോസിസ് ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ഈ കോശക്ഷതം പാരസെറ്റാമോള്‍ അമിത ഉപയോഗവുമായും ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.