Featured Good News

ചേരിയിലെ ചായവില്‍പ്പനക്കാരന്റെ മകള്‍ സിഎ.ക്കാരിയായി, കണ്ണുനിറഞ്ഞ് പിതാവ്, ഹൃദയം കുളിര്‍ക്കുന്ന വീഡിയോ

”ഈ നേട്ടത്തിനായി ഞാന്‍ 10 വര്‍ഷമെടുത്തു. എല്ലാ ദിവസവും, എന്റെ സ്വപ്നങ്ങള്‍ നിറച്ച കണ്ണുകളോട് ഞാന്‍ എന്നോടുതന്നെ ചോദിക്കും, ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമാകുമോ ? 2024 ജൂലൈ 11, ഇന്ന് അത് യാഥാര്‍ത്ഥ്യമായി.’ ലിങ്ക്ഡ് ഇന്നില്‍ അമിത പ്രജാപതി ഇട്ട കുറിപ്പ് ഇന്ത്യയില്‍ ഉടനീളം അനേകം ഹൃദയങ്ങളെ പ്രചോദിപ്പിച്ച് വൈറലായി മാറിയിരിക്കുകയാണ്.

ഡല്‍ഹിയിലെ ചേരിയില്‍ നിന്നുള്ള യുവതി ജീവിതത്തിലെ അനേകം വെല്ലുവിളികളെ അതിജീവിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനുള്ള യാത്ര പൂര്‍ത്തീകരിച്ചു. ലിങ്ക്ഡ്ഇന്നിലെ ഹൃദയസ്പര്‍ശിയായ പോസ്റ്റില്‍ തന്റെ 10 വര്‍ഷത്തെ യാത്രയും ചേരിയില്‍ ജീവിക്കുന്നതിന്റെ വെല്ലുവിളിയും തന്റെ പിതാവിന്റെ അചഞ്ചലമായ പിന്തുണയും പോസ്റ്റില്‍ വിശദമായി വിവരിച്ചിട്ടുണ്ട്.

‘‘ആളുകൾ പറയുമായിരുന്നു, നിങ്ങൾ എന്തിനാണ് അവളെ ഇത്രയും വലിയ ഒരു കോഴ്സിന് പഠിക്കാന്‍ അയയ്ക്കുന്നത്? ശരാശരിയിൽ താഴെയുള്ള
ഒരു വിദ്യാർത്ഥിയായതിനാൽ നിങ്ങളുടെ മകൾക്ക് അത് പാസാകാന്‍ കഴിയില്ല.’’

”ചായ വിറ്റ് പണംകൊണ്ട് നിനക്കവളുടെ പഠനം പൂര്‍ത്തിയാക്കാനാവില്ല. പകരം ആ പണം സ്വരൂപിച്ച് അതുകൊണ്ട ഒരു വീട് വയ്ക്കൂ. ആപായപൂര്‍ത്തിയായ പെണ്‍മക്കളുമായി നിങ്ങള്‍ എത്രനാള്‍ തെരുവില്‍ ജീവിക്കും? എന്തായാലും ഒരു ദിവസം അവര്‍ പോകും. അവള്‍ മറ്റൊരാളുടെ സമ്പത്താണ്, നിങ്ങള്‍ക്ക് ഒന്നും ബാക്കിയുണ്ടാകില്ല. തീര്‍ച്ചയായും, ഞാന്‍ ഒരു ചേരിയിലാണ് താമസിക്കുന്നത് (വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇതറിയൂ), എന്നാല്‍ അതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല,’

‘‘ചേരി നിവാസികൾ, ഭ്രാന്തൻ മനസ്സുള്ളവരാണെന്ന് ചിലർ പറയാറുണ്ടായിരുന്നു, ശരിയാണ്, തികച്ചും ശരിയാണ്, എന്റെ മനസ്സ് ഭ്രാന്തമല്ലായിരുന്നുവെങ്കിൽ, ഞാൻ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല. ഇപ്പോൾ, എന്റെ പിതാവിന് ഒരു വീട് പണിതു കൊടുക്കാന്‍ എനിക്ക് കഴിവുണ്ട്. അവരുടെ എല്ലാ ആഗ്രഹങ്ങളും എനിക്ക് നിറവേറ്റാൻ കഴിയും.’’

തന്നില്‍ വിശ്വസിച്ചതിന് മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അവള്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ”ഇന്ന് ഞാന്‍ എന്തായിത്തീര്‍ന്നാലും അതിന് കാരണം എന്റെ പപ്പയും മമ്മിയും എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ്. ഒരു ദിവസം ഞാന്‍ അവരെ വിട്ടുപോകുമെന്ന് ഒരിക്കലും അവര്‍ പറഞ്ഞില്ല. പകരം ഞാന്‍ എന്റെ പെണ്‍മക്കളെ പഠിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.”

പ്രജാപതി തന്റെ പിതാവിനെ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് വൈറലാണ്. പിതാവിനോടൊപ്പമുള്ള പ്രജാപതിയുടെ ഹൃദയസ്പര്‍ശിയായ നിമിഷം പലരേയും ആഴത്തില്‍ സ്പര്‍ശിച്ചു. ഹൃദയംഗമായ ആശംസകളുടെ തരംഗമാണ് സോഷ്യല്‍ മീഡിയയില്‍.

”ഹൃദ്യമായ അഭിനന്ദനങ്ങള്‍ അമിതാ പ്രജാപതി, നിങ്ങളുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും ഫലം കണ്ടു. നിങ്ങളുടെ സമര്‍പ്പണവും ക്ഷമയും വഴിയില്‍ വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും പ്രചോദനമാണ്.” ഒരാള്‍ കുറിച്ചു.

‘നിങ്ങളുടെ കഥ അക്ഷരാര്‍ത്ഥത്തില്‍ പ്രചോദനമാണ്, പ്രത്യേകിച്ച് താണനിലയിലുള്ള ഇടത്തരം കുടുംബത്തില്‍ നിന്നുള്ളവര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും, ’’ മറ്റൊരാള്‍ എഴുതി.