ഇന്നത്തെ കാലത്ത് വിവാഹം എന്നത് കേവലം ആചാരപരമായ ഒരു ചടങ്ങെന്നതിലുപരി ഇവന്റ് മാനേജ്‌മെന്റുകളുടെയും ക്യാമറാമാന്മാരുടെയും നിയന്ത്രണത്തിലുള്ള ഒരു ആഘോഷമായി മാറിയിരിക്കുകയാണ്. വീഡിയോകൾ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി വധൂവരന്മാരെ കൊണ്ട് പലവിധ കാര്യങ്ങൾ ചെയ്യിക്കാൻ ഇവർ മത്സരിക്കാറുണ്ട്. അത്തരമൊരു സംഭവത്തിനിടെ, പരസ്പരം ആലിംഗനം ചെയ്തുനിന്ന വധൂവരന്മാരെ ബലം പ്രയോഗിച്ച് വേർപ്പെടുത്തിയ ഒരു പുരോഹിതന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ക്യാമറമാന്മാരുടെ അകമ്പടിയോടെ വധു വിവാഹവേദിയിലേക്ക് കടന്നുവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേദിയിലെത്തിയ വധുവിനെ വരൻ മുട്ടുകുത്തി നിന്ന് ബൊക്ക നൽകി സ്വീകരിക്കുകയും, തുടർന്ന് ഫോട്ടോഗ്രാഫർമാരുടെ നിർദ്ദേശപ്രകാരം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇതിനിടയിൽ വരൻ വധുവിന്റെ കവിളിൽ ചുംബിച്ചപ്പോൾ അതിഥികൾ ആവേശത്തോടെ കൈയടിച്ചു. എന്നാൽ ഈ സമയത്ത് അപ്രതീക്ഷിതമായി അവിടെയെത്തിയ പുരോഹിതൻ വരനെ ബലം പ്രയോഗിച്ച് വധുവിൽ നിന്നും മാറ്റുകയും അവർക്കിടയിൽ കയറി നിൽക്കുകയും ചെയ്തു. പുരോഹിതന്റെ ഈ പെരുമാറ്റത്തിൽ മനംനൊന്ത് വധു വേദിയിൽ നിന്നും ഇറങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം. കണ്ടുനിന്നവരെയെല്ലാം ഒരുപോലെ അമ്പരപ്പിച്ച ഒരു നിമിഷമായിരുന്നു അത്.
വധു തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് വൈറലായതോടെ നെറ്റിസൺസ് ചേരിതിരിഞ്ഞ് ചർച്ചകൾ തുടങ്ങി. വൈകാരികമായ ഒരു നിമിഷത്തിൽ പുരോഹിതൻ ഇടപെട്ടത് തെറ്റാണെന്നും, അദ്ദേഹത്തിന് അതിനുള്ള അവകാശമില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിലെ വിവാഹമല്ലെന്നും തന്റെ ജോലി കൃത്യമായി ചെയ്യുകയാണ് അദ്ദേഹം വേണ്ടതെന്നുമായിരുന്നു വിമർശനം. എന്നാൽ, ഇതിനെ എതിർത്തുകൊണ്ട് മറ്റൊരു വിഭാഗം രംഗത്തെത്തി. വിവാഹം ഒരു ‘നെറ്റ്ഫ്ലിക്സ്’ ഷോ അല്ലെന്നും പവിത്രമായ ആചാരങ്ങൾ നടക്കുന്ന വേദിയിൽ അച്ചടക്കം പാലിക്കണമെന്നും പുരോഹിതന്റെ പ്രവർത്തി ശരിയാണെന്നും ഇവർ വാദിക്കുന്നു.




