Oddly News

ഒരു ഇ​ന്ത്യാ- പാക് പ്രണയകഥ; രാജസ്ഥാനിലെ കാമുകനൊത്ത് ജീവിക്കാന്‍ വാഗ കടന്നെത്തി 25കാരി

ഇന്ത്യക്കാരനുമായുള്ള പ്രണയ സാഫല്യത്തിനായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇരുപത്തിയഞ്ചുകാരി മെഹ്‌വിഷായുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മെഹ്‌വിഷ് കാമുകന്‍ റഹ്‌മാനൊപ്പം ജീവിക്കാനാണ് കഴിഞ്ഞ ആഴ്‌ച ഇന്ത്യയിലെത്തിയത്‌. സാമൂഹിക മാധ്യമത്തിലൂടെയാണ്‌ ഇരുവരും പ്രണയബദ്ധരായത്. ഇസ്ലാമാബാദ്‌ സ്വദേശിയായ മെഹ്‌വിഷിന്റെ 2018-ലെ ആദ്യ വിവാഹം പരാജയമായിരുന്നു.

12 വര്‍ഷം നീണ്ട ബന്ധത്തില്‍ 12, 7 വയസുള്ള രണ്ട്‌ ആണ്‍മക്കളുണ്ട്‌. രാജസ്‌ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍നിന്നുള്ള റഹ്‌മാനുമായി സാമൂഹിക മാധ്യമത്തിലൂടെയാണു സൗഹൃദത്തിലായത്‌. തുടര്‍ന്ന്‌ 2022 മാര്‍ച്ച്‌ 13-ന്‌ വിവാഹിതാകാന്‍ തീരുമാനിച്ചു.

മൂന്ന്‌ ദിവസത്തിന്‌ ശേഷം വീഡിയോ കോണ്‍ഫറന്‍സ്‌ വഴി ഇരുവരും വിവാഹിതരായി. പിന്നീട്‌ 2023-ല്‍ മെഹ്‌വിഷിന്റെ മക്കയിലേക്കുള്ള ഉംറ തീര്‍ത്ഥാടന വേളയില്‍ ഇരുവരും ഔപചാരികമായി വിവാഹ ചടങ്ങുകള്‍ നടത്തി. പാകിസ്‌താന്‍ അധികൃതരും ഇന്ത്യന്‍ അധികൃതരും രേഖകള്‍ പരിശോധിച്ചതിന്‌ ശേഷം അവര്‍ക്ക്‌ 45 ദിവസത്തെ ടൂറിസ്‌റ്റ് വിസ ലഭിച്ചു. മെഹ്‌വിഷിനെ റഹ്‌മാന്റെ കുടുംബം സ്വീകരിച്ചു, അവര്‍ക്കൊപ്പം രാജസ്‌ഥാനിലെ ചുരുവിലെ പിത്തിസര്‍ ഗ്രാമത്തിലേക്ക്‌ യാത്രതിരിച്ചു.പാകിസ്‌താനില്‍നിന്നു ഇന്ത്യയിലേക്കു കമിതാക്കള്‍ എത്തി വിവാഹിതരാകുന്ന സംഭവ പരമ്പരകളില്‍ ഏറ്റവും പുതിയതാണ്‌ ഇത്‌.

കാമുകനെ കാണാനും വിവാഹം കഴിക്കാനും വേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ അതിര്‍ത്തി കടന്ന്‌ ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെതാണ്‌ സമീപകാലത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കേസ്‌. ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് അതിര്‍ത്തി കടന്ന പാകിസ്താനിലേക്ക് പോയ അഞ്ജുവുമൊക്കെ പട്ടികയിലുണ്ട്.