കറാച്ചി: പാക്കിസ്ഥാനിൽ തന്നെ ഉപേക്ഷിച്ചശേഷം ഡൽഹിയിൽ ഭർത്താവ് രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ടു. കറാച്ചി സ്വദേശിനിയായ നികിതയാണ് വീഡിയോ പുറത്തുവിട്ടത്.
ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ചാണ് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതെന്ന് നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം മാറിമറിഞ്ഞതായി നികിത പറയുന്നു.
വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാരണം പറഞ്ഞ് തന്നെ 2020 ജൂലൈ 9ന് നിർബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരികെ കൊണ്ടുവരാൻ വിക്രം ശ്രമിച്ചില്ലെന്നു മാത്രമല്ല ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത പറയുന്നു.
വിവാഹത്തിനു തൊട്ടുപിന്നാലെ തനിക്കു നേരിട്ട ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചും അവർ വീഡിയോയിൽ വിവരിക്കുണ്ട് ‘‘ പാക്കിസ്ഥാനിൽ നിന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണമായും മാറിയിരുന്നു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാൻ മനസ്സിലാക്കി. ഭർതൃപിതാവിനോട് ഇക്കാര്യം പറഞ്ഞു. ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ സാധാരണയാണെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്.’’–നികിത പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാൻ വിക്രം നിർബന്ധിച്ചെന്നും ഇപ്പോൾ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയിൽ തിരിച്ചെത്തിയ ശേഷമാണ് ഡൽഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തിയത്. 2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നൽകി. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടു. ഇതേതുടർന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.




