Sports

എക്സ്പ്രസ് പേസ് ബൗളര്‍ നനഞ്ഞ പടക്കമായി; ലോകകപ്പില്‍ 500 റണ്‍സ് വഴങ്ങുന്ന ആദ്യ പാക് താരവുമായി

കൊല്‍ക്കത്ത: ലോകകപ്പ് സെമിഫൈനലില്‍ കടക്കാന്‍ അവസാന മത്സരത്തില്‍ വന്‍ വിജയം വേണ്ടിയിരുന്ന പാകിസ്താന് മത്സരത്തിലെ ടോസ് നഷ്ടമായി ഇംഗ്ളണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ തന്നെ കാര്യങ്ങള്‍ തീരുമാനമായിരുന്നു. പിന്നാലെ ഇംഗ്ളണ്ട് കൂറ്റന്‍ സ്‌കോര്‍ നേടുക കൂടി ചെയ്തപ്പോള്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. പാകിസ്താന്റെ എക്സ്പ്രസ് ബൗളര്‍ റൗഫ് നനഞ്ഞ പടക്കവുമായി.

കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ അവസാന ലീഗ് മത്സരത്തില്‍ അവരുടെ പേസ് ബൗളര്‍ ഹാരിസ് റൗഫ് ഒരു അനാവശ്യ റെക്കോര്‍ഡ് കൂടി സമ്പാദിച്ചാണ് പാകിസ്താന്‍ മടങ്ങുന്നത്. ഒരു ലോകകപ്പില്‍ 500 ലധികം റണ്‍സ് വഴങ്ങുന്ന ആദ്യ പാക് ബൗളറെന്ന നേട്ടമാണ് റൗഫ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദിന്റെ സര്‍വകാല റെക്കോര്‍ഡിന്റെ തൊട്ടടുത്തുമെത്തി. 2019 ല്‍ 11 മത്സരങ്ങളില്‍ 626 റണ്‍സ് വിട്ടുകൊടുത്ത ആദില്‍ റഷീദിന്റെ പേരിലാണ് ഏറ്റവും ധാരാളിയായ ലോകകപ്പ് ബൗളറുടെ പട്ടമുള്ളത്. 11 വിക്കറ്റുകളും അന്ന് വീഴ്ത്തി.

വേഗതയ്ക്ക് പേരുകേട്ട റൗഫ് എതിരാളികളുടെ ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകള്‍ നേടിയെങ്കിലും 64 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ടൂര്‍ണമെന്റില്‍ മുഴുവനുമായി 16 വിക്കറ്റ് വീഴ്ത്തിയ താരം 533 റണ്‍സാണ് വിട്ടുകൊടുത്തത്.

പാകിസ്ഥാന്‍ ഹസന്‍ അലിയെ ഒഴിവാക്കിയതിനാല്‍ ഇതാദ്യമായി ടൂര്‍ണമെന്റില്‍ റൗഫിന് ന്യൂബോള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ആദ്യസ്പെല്ലിലെ മൂന്ന് ഓവറില്‍ അഞ്ച് വൈഡ് ബോളുകള്‍ എറിഞ്ഞതിനാല്‍ പേസര്‍ക്ക് മികച്ച തുടക്കം ലഭിച്ചില്ല. 31 റണ്‍സ് വഴങ്ങിയ റൗഫ് രണ്ടാം സ്പെല്‍ മികച്ചതാക്കുകയും ചെയ്തു. 500 റണ്‍സിന് മുകളില്‍ ലോകകപ്പില്‍ വഴങ്ങിയിട്ടുള്ള മറ്റു രണ്ടുപേര്‍ ശ്രീലങ്കയുടെ ദില്‍ഷന്‍ മധുശങ്കയും (ഈ ലോകകപ്പില്‍ ഒമ്പത് കളികളില്‍ 525 റണ്‍സും 21 വിക്കറ്റും) ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (2019 ലോകകപ്പില്‍ 10 കളികളില്‍ 502 റണ്‍സും 10 വിക്കറ്റും). പാകിസ്താന്റെ ഷഹീന്‍ഷാ അഫ്രീദി 481 റണസ് വഴങ്ങിയിരുന്നു.