Featured Oddly News

സ്‌ത്രീകള്‍ക്കായി ജെയ്‌ഷെ മുഹമ്മദിന്റെ ഓണ്‍ലൈന്‍ ‘ജിഹാദി കോഴ്‌സ്‌’, ഫീസ് വെറും 156 ഇന്ത്യന്‍ രൂപ, നയിക്കുന്നത് അസറിന്റെ സഹോദരിമാര്‍

ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ്‌ സ്‌ത്രീകള്‍ക്കായി ഓണ്‍ലൈന്‍ ‘ജിഹാദി കോഴ്‌സ്‌’ നടത്തുന്നതായി വിവരം. ഫണ്ട്‌ ശേഖരിക്കാനും റിക്രൂട്ട്‌മെന്റ്‌ നടത്താനുമായി ഗ്രൂപ്പ്‌ ജമാത്ത്‌ ഉല്‍-മുമിനത്ത്‌ എന്ന പേരിലാണ്‌ ഓണ്‍ലൈന്‍ പരിശീലന കോഴ്‌സ്‌ ആരംഭിക്കുന്നത്‌. 500 പാക്‌ രൂപയാണ്‌ കോഴ്‌സ്‌ ഫീയെന്നും റിപ്പോര്‍ട്ട്‌.

കോഴ്‌സിന്റെ ഭാഗമായി സ്‌ഥാപകന്‍ മസൂദ്‌ അസറിന്റെയും അദ്ദേഹത്തിന്റെ കമാന്‍ഡര്‍മാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെ ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ സ്‌ത്രീകള്‍ ജിഹാദിനെയും ഇസ്ലാമിനെയുംകുറിച്ച്‌ മറ്റുള്ളവരെ അവരുടെ ‘കടമകള്‍’ പഠിപ്പിക്കും. അടുത്തമാസം എട്ടിന്‌ ആരംഭിക്കുന്ന റിക്രൂട്ട്‌മെന്റ്‌ ഡ്രൈവ്‌ ഓണ്‍ലൈനായി നടത്തും. ദിവസവും 40 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള പ്രഭാഷണങ്ങള്‍ അസറിന്റെ രണ്ട്‌ സഹോദരിമാരായ സാദിയ അസറും സമൈറ അസറും നയിക്കും.

സ്‌ത്രീകളെ ജമാത്ത്‌ ഉല്‍-മുമിനത്തില്‍ ചേരാന്‍ ഇതു പ്രോത്സാഹിപ്പിക്കുമെന്നാണു വിവരം. അസറിന്റെ ഇളയ സഹോദരിയായ സാദിയ അസറിനാണ്‌ ജമാത്തിന്റെ ചുമതല നല്‍കിയിട്ടുള്ളതെന്നാണു സൂചന. മേയില്‍ ബഹാവല്‍പൂരിലെ ജെയ്‌ഷെ ആസ്‌ഥാനത്ത്‌ നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അസര്‍കുടുംബാംഗങ്ങളില്‍ ഒരാളാണ്‌ സാദിയയുടെ ഭര്‍ത്താവ്‌ യൂസഫ്‌ അസര്‍. ഏപ്രിലില്‍ ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്‌ ഇന്ത്യയുടെ സൈനിക തിരിച്ചടിയായിരുന്നു വ്യോമാക്രമണം. പഹല്‍ഗാം ആക്രമണകാരികളില്‍ ഒരാളായ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫ്രീര്‍ ഫാറൂഖും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, അസര്‍ ധനശേഖരണം ശക്‌തമാക്കുകയാണെന്നാണ്‌ വിവരം. കഴിഞ്ഞ മാസം ബഹാവല്‍പൂരില്‍ അസര്‍ നടത്തിയ പ്രസംഗത്തില്‍ ജെയ്‌ഷ്‌ കോഴ്‌സില്‍ ചേരുന്ന ഓരോ സ്‌ത്രീയില്‍നിന്നും 500 പാക്‌ രൂപ (156 ഇന്ത്യന്‍ രൂപ) ശേഖരിക്കാനും ഓണ്‍ലൈന്‍ വിവര ഫോം പൂരിപ്പിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്‌തിരുന്നു. കഴിഞ്ഞ എട്ടിനാണ്‌ അസര്‍ ജമാത്ത്‌ ഉല്‍-മുമിനത്ത്‌ എന്ന വനിതാ യൂണിറ്റ്‌ പ്രഖ്യാപിച്ചത്‌. 19 ന്‌ പാകിസ്‌താന്‍ അധിനിവേശ കശ്‌മീരില്‍ സ്‌ത്രീകളെ ഗ്രൂപ്പിലേക്ക്‌ കൊണ്ടുവരാനായി ദുഖ്‌തരന്‍-ഇ-ഇസ്ലാം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.