Health

ഈ വേദനകളെ നിസാരമായി ഒരിക്കലും തള്ളിക്കളയരുത് ;  വൈദ്യസഹായം തേടാന്‍ മടിയ്ക്കരുത്

ശാരീരികമായ പല വേദനകളും നമ്മളെ ബാധിയ്ക്കാറുണ്ട്. അസഹ്യമായ വേദനകള്‍ ആകുമ്പോള്‍ വൈദ്യസഹായം തേടുകയും ചെയ്യും. പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഈ വേദനകളെയൊക്കെ നിസാരമായി ഒരിയ്ക്കലും കാണരുത്. ചിലപ്പോള്‍ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാന്‍ പാടില്ലാത്ത ഇത്തരം വേദനകള്‍ ഏതൊക്കെയാണെന്ന് നോക്കാം…

* നെഞ്ചുവേദന – നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തില്‍ ഓക്‌സിജന്‍ ലഭ്യമല്ലാതായാല്‍ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാം. എത്രയും വേഗം വൈദ്യസഹായം തേടുക.

* അടിവയര്‍ വേദന – വയറിന്റെ താഴെ വലത്തേ ഭാഗത്ത് വേദന, ഒപ്പം പനിയും ഓക്കാനവും കാരണം അപ്പന്‍ഡിസൈറ്റിസ് ആകാം. അപ്പന്‍ ഡിക്‌സിനുണ്ടാകുന്ന വീക്കം ജീവനു തന്നെ അപകടമായേക്കാവുന്ന ഇന്‍ഫക്ഷന്‍ ആയി മാറാം.

* കാല്‍പ്പാദത്തില്‍ വേദന – കാലില്‍ സൂചി തറച്ചതുപോലെ വേദന വരാറുണ്ടോ. പ്രമേഹം മൂലം ഞരമ്പുകള്‍ക്ക് തകരാറ് വന്നതു കൊണ്ടാകാം ഇത്. ചിലപ്പോള്‍ കാലില്‍ സ്പര്‍ശിക്കുന്നതു പോലും അറിയാത്ത അവസ്ഥയുണ്ടാകാം. എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുകയാണ് വേണ്ടത്.

* തലവേദന – പെട്ടെന്ന്, സഹിക്കാന്‍ വയ്യാത്ത ഒരു തലവേദന വന്നാല്‍ അത് ഒരു ബ്രെയ്ന്‍ അന്യൂറിസം ആവാം. അതായത് ധമനികളുടെ ഭിത്തി വീര്‍ത്തു വരുന്നതു മൂലമാവാം. ചികിത്സിച്ചില്ലെങ്കില്‍ രക്തക്കുഴലുകള്‍ പൊട്ടി ഗുരുതരമായ പക്ഷാഘാതത്തിലേക്കോ തലച്ചോറിലെ രക്തസ്രാവത്തിനോ കാരണമാകാം.

* പല്ലുവേദന – തണുത്തതെന്തെങ്കിലും കഴിച്ചാലുടനെ പല്ലു വേദന എടുക്കാറുണ്ടോ? പല്ലിലെ ബാഹ്യപാളിയായ ഇനാമലിന് കേടുണ്ടായാല്‍, പല്ലിനുള്ളിലെ ഞരമ്പിനെ അത് തുറന്നു കാട്ടും. ഇത് തണുത്തതോ ചൂടുള്ളതോ ആയ വസ്തുക്കള്‍ അവിടവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ സഹിക്കാനാകാത്ത പല്ലു വേദന വരാം. ഈ ഞരമ്പ് പുറത്തു കാണുന്നത് ബാക്ടീരിയല്‍ അണുബാധയ്ക്കും ഇത് ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാനും കാരണമാകും.

* വയറുവേദന – അടിവയറിനോ ഇടുപ്പിനോ ഉണ്ടാകുന്ന ആര്‍ത്തവവേദന സ്ത്രീകളില്‍ സാധാരണയാണ് എന്നാല്‍ വിട്ടുമാറാത്ത, കൂടിക്കൂടി വരുന്ന വേദന നിസ്സാരമാക്കരുത്. എന്‍ഡോമെട്രി യോസിസിന്റെ സൂചനയാകാം അത്.

* കൈവേദന – വിരലില്‍ പ്രത്യേകിച്ച് തളളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവിടങ്ങളില്‍ തുടങ്ങി കൈപ്പത്തി, കൈവണ്ണ മുതലായവയിലൂടെ വ്യാപിച്ച് കൈമുട്ടുവരെ എത്തി നില്‍ക്കുന്ന വേദന അനുഭവപ്പെടാറുണ്ടോ? ഇത് Carpel tunnel syndrome മൂലം ആകാം. ചികിത്സിക്കാതിരുന്നാല്‍ കൈകളിലെ പേശികള്‍ ചുരുങ്ങുകയും ഒടുവില്‍ കൈകളുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാകുകയോ ചെയ്യാം.

* കാലുവേദന – കാലിനുവേദന അതോടൊപ്പം, കാലിനു ചുവപ്പ്, ചൂട്, വീക്കം ഇവയും ഉണ്ടെങ്കില്‍ രക്തം കട്ടപിടിച്ചതു മൂലമാകാം. ഇതിന് Deep-Vein Thrombosis (DVT) എന്നു പറയും. വേദനയുള്ളിടം തിരുമ്മരുത്. തിരുമ്മിയാല്‍ രക്തം കട്ടപിടിച്ചത് ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ സഞ്ചരിക്കാം