Movie News

ഏഴാംക്ലാസ്സ് പുസ്തകത്തില്‍ നടി തമന്നയെക്കുറിച്ചും പാഠം ; ബംഗളുരുവിലെ സിന്ധി സ്‌കൂളില്‍ എതിര്‍പ്പ്

തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടിയായി മാറിയ തമന്നഭാട്ടിയയെക്കുറിച്ച് കുട്ടികള്‍ പഠിക്കുന്നതിനെതിരേ വിമര്‍ശനവുമായി രക്ഷിതാക്കള്‍. ബംഗളൂരുവിലെ ഹെബ്ബാളിലെ സിന്ധി ഹൈസ്‌കൂളിലെ രക്ഷിതാക്കളാണ് ഇതിനിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. പാഠപുസ്തകത്തിലെ തമന്ന ഭാട്ടിയയെ പരാമര്‍ശിക്കുന്ന ഒരു അധ്യായത്തെക്കുറിച്ച് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെയും കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ അസോസിയേഷനെയും സമീപിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സിന്ധികള്‍ ഭാഷാ ന്യൂനപക്ഷമായതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സമുദായവും സംസ്‌കാരവും പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള ഏഴാംക്ലാസ്സിലെ പാഠപുസ്തകത്തിലെ ‘വിഭജനത്തിന് ശേഷമുള്ള ജീവിതം: കുടിയേറ്റം, സമൂഹം, സിന്ധിലെ അശാന്തി, 1947 മുതല്‍ 1962 വരെ’ എന്ന അധ്യായത്തിലാണ് ഈ ഭാഗം ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം നടന്‍ രണ്‍വീര്‍ സിംഗിനെപ്പോലുള്ള സിന്ധി സമുദായത്തിലെ പ്രമുഖരെ ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളപ്പോഴാണ് തമന്നയ്ക്ക് എതിരേ വിമര്‍ശനം ഉയരുന്നത്.

‘കുട്ടികളെ വ്യത്യസ്തമായ സംസ്‌കാരത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എതിര്‍പ്പ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമല്ലാത്ത ഒരു നടിയെക്കുറിച്ചുള്ള അധ്യായവുമായി ബന്ധപ്പെട്ടതാണ്,” കമ്മീഷനിലും അസോസിയേഷനിലും പരാതി നല്‍കിയ ഒരു രക്ഷിതാവ് പറഞ്ഞു. എതിര്‍ത്താല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. ”കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അഭിനേതാക്കളെ കുറിച്ച് പഠിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല, പക്ഷേ കുട്ടികള്‍ ഈ നടിയെ ഇന്റര്‍നെറ്റില്‍ നോക്കുകയാണെങ്കില്‍, അവര്‍ക്ക് അനുചിതമായ ഉള്ളടക്കമായിരിക്കും ലഭിക്കുക..” ഒരു രക്ഷിതാവ് പറഞ്ഞു.