രാജസ്ഥാനിലെ അൽവാർ ജില്ലയിൽ റോഡിൽ നടക്കാനിറങ്ങിയ 18 കാരിയെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആൾവാറിലെ ജെകെ നഗറിലെ ഒരു തെരുവിലൂടെ നടക്കുന്നതിനിടയിലായിരുന്നു പെൺകുട്ടിയെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്.
സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവ്യ എന്ന പെൺകുട്ടിക്കാണ് റോഡിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്നതിനിടയിൽ അപ്രതീക്ഷിത ആക്രമണം നേരിട്ടത്.
എട്ട് തവണയോളം പെൺകുട്ടിക്ക് നായ്ക്കളുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്. വൈറലാകുന്ന ദൃശ്യങ്ങളിൽ റോഡിലൂടെ ഫോണിൽ സംസാരിച്ച് നടന്നുനീങ്ങുന്ന പെൺകുട്ടിക്കരികിലേക്ക് ഒരു എട്ട് പത്തു നായ്ക്കൾ കൂട്ടമായി ഓടിവരുന്നതാണ് കാണുന്നത്. തുടർന്ന് നായ്ക്കൾ സംഘം വളഞ്ഞിട്ട് പെൺകുട്ടിയെ ആക്രമിക്കാൻ തുടങ്ങി. ഈ സമയം പെൺകുട്ടി നിലത്തുവീഴുന്നതും നിലവിളിക്കുന്നത് കേൾക്കാം. നായ്ക്കളാകട്ടെ ആക്രമണം തുടർന്നുകൊണ്ടിരുന്നു.
നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചിട്ടും പെൺകുട്ടി പരാജയപ്പെടുകയാണ്. ഈ സമയം അതുവഴി സ്കൂട്ടറിൽ പോവുകയായിരുന്ന ഒരു സ്ത്രീ അതിവേഗം വാഹനം നിർത്തി ഇറങ്ങിവരുകയും നായ്ക്കളെ തടഞ്ഞുനിർത്തി ഓടിക്കുന്നതുമാണ് കാണുന്നത്. ഇതിനു പിന്നാലെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ നായ്ക്കളെ തുരത്താൻ യുവതിയെ സഹായിക്കുകയും ചെയ്തു.
.
“അവ എന്നെ എല്ലാ ഭാഗത്തുനിന്നും വളഞ്ഞു. ഞാൻ അവയെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും മുന്നിലും പിന്നിലും നിന്ന് അവ എന്നെ താഴേക്ക് വലിക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ നിലത്തുവീഴുകയും അവ എന്നെ ആക്രമിക്കുകയായിരുന്നു. ഞാൻ ഇപ്പോഴും ഞെട്ടലിലാണ്,” നവ്യ വെളിപ്പെടുത്തി.
സംഭവത്തിൽ പലതവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക കൗൺസിലർ ഹകം സിങ് പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷനിൽ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ കൂടുതൽ ഗുരുതര സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.