ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക, മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ പേടി, ഭക്ഷണത്തിലൂടെ പകരുന്ന അണുബാധയെക്കുറിച്ചുള്ള ഭയം, പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള സംശയം എന്നിവ ഓര്‍ത്തോറെക്‌സിയ നെര്‍വോസ എന്ന രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. ഇത് ഒരാളുടെ ജീവിത നിലവാരത്തെയും ബന്ധങ്ങളെയും ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു .
എന്താണ് ഓര്‍ത്തോറെക്‌സിയ നെര്‍വോസ?
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലുള്ള ഒരു തരം ഭക്ഷണ ക്രമക്കേടാണ് ഓര്‍ത്തോറെക്‌സിയ നെര്‍വോസ എന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഈറ്റിംഗ് ഡിസോര്‍ഡേഴ്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയത്.
ഈ ഈറ്റിംഗ് ഡിസോര്‍ഡര്‍ ഉള്ള ആളുകള്‍ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാനും ഭക്ഷണം അത് എവിടെനിന്ന് കഴിക്കും എന്നിവയെപ്പറ്റി ചിന്തിക്കാനും ധാരാളം സമയം ചെലവഴിക്കുന്നുവെന്നാണ് പോഷകാഹാര വിദഗ്ധന്‍ ധൃതി ജെയിന്‍ പറയുന്നു. പോഷകസമൃദ്ധമാണെങ്കിലും അനാരോഗ്യകരമെന്നു കരുതുന്ന ഭക്ഷണങ്ങള്‍ ഇവര്‍ ഒഴിവാക്കിയേക്കാം . ഇത് ഭക്ഷണനിയന്ത്രണത്തില്‍ കലാശിക്കുന്നു . കൂടാതെ, ഇത് ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും പോഷകാഹാരക്കുറവിലേക്കു നയിക്കുകയും ചെയ്യും.
ഓര്‍ത്തോറെക്‌സിയ നെര്‍വോസ നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് നമ്മെ എങ്ങനെ ബാധിക്കുമെന്നത് നോക്കാം.
ശാരീരിക ആരോഗ്യം
നിയന്ത്രിത ഭക്ഷണക്രമം പോഷകാഹാരക്കുറവിന് കാരണമാകും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ഊര്‍ജ്ജ നിലയെയും ബാധിക്കും. അമിതമായ ഭക്ഷണ നിയന്ത്രണങ്ങള്‍ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത് മലബന്ധം അല്ലെങ്കില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പോഷകങ്ങളുടെ അഭാവം രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ആളുകളെ രോഗങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കുകയും ചെയ്യും.
മാനസിക സുഖം
ഓര്‍ത്തോറെക്‌സിയ നെര്‍വോസ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണക്രമത്തെക്കുറിച്ചുള്ള നിരന്തരമായ ഉത്കണ്ഠ, പ്രത്യേക ഭക്ഷണത്തോടുള്ള ഇഷ്ടക്കേട്, സാമൂഹികമായ ഒറ്റപ്പെടല്‍ എന്നിവയെല്ലാം വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. ഈ വൈകല്യമുള്ള ആളുകള്‍ ഭക്ഷണത്തിന്റെ കാര്യത്തിലും ഭക്ഷണം തയ്യാറാക്കുന്നതിലും പോഷക നിലവാരം വിലയിരുത്തുന്ന കാര്യത്തിലും വളരെയധികം സമയം ചിലവഴിച്ചേക്കാം. സാമൂഹിക സാഹചര്യങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള ഭയം അല്ലെങ്കില്‍ കര്‍ശനമായ ഭക്ഷണ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാന്‍ ഇടയാക്കും.
സാമൂഹികവും വൈകാരികവുമായ ആരോഗ്യം
ഓര്‍ത്തോറെക്‌സിയ നെര്‍വോസ വൈകാരികവും സാമൂഹികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിയന്ത്രിത ഭക്ഷണക്രമങ്ങളും സാമൂഹിക ഒഴിവാക്കലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തെ സാരമായി ബാധിക്കും. തൊഴില്‍, സ്‌കൂള്‍, വ്യക്തിബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ ഒരാളുടെ പൊതുവായ ജീവിത നിലവാരത്തെ ഇത് പ്രതികൂലമായി ബാധിക്കും.
ഓര്‍ത്തോറെക്‌സിയ നെര്‍വോസയുടെ ലക്ഷണങ്ങള്‍
ഈ അവസ്ഥയുള്ള ആളുകള്‍ അവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും വൃത്തിയിലും അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇത്തരക്കാര്‍ പലപ്പോഴും മറ്റുള്ളവര്‍ക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം ഒഴിവാക്കുകയോ ഓര്‍ഗാനിക് അല്ലെങ്കില്‍ ഗ്ലൂറ്റന്‍ രഹിത ഭക്ഷണങ്ങള്‍ മാത്രം കഴിക്കുകയോ പോലുള്ള കര്‍ശനമായ ഭക്ഷണ നിയമങ്ങള്‍ പാലിക്കുന്നു.
മറ്റുള്ളതെല്ലാം അവഗണിച്ച് ഭക്ഷണം തയ്യാറാക്കാന്‍ അവര്‍ ഗണ്യമായ സമയം ചെലവഴിച്ചേക്കാം.
അവരുടെ കര്‍ശനമായ ഭക്ഷണ നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് കുറ്റബോധം, ലജ്ജ, സ്വയം കുറ്റപ്പെടുത്തല്‍ തുടങ്ങിയ വികാരങ്ങള്‍ക്ക് ഇടയാക്കും.
ഓര്‍ത്തോറെക്‌സിയ നെര്‍വോസ എങ്ങനെ ചികിത്സിക്കാം?
സൈക്കോതെറാപ്പി: കോഗ്‌നിറ്റീവ്-ബിഹേവിയറല്‍ തെറാപ്പി (CBT) പ്രശ്‌നം ചികിത്സിക്കുന്നതിനുള്ള ഒരു സാധാരണ സമീപനമാണ്. ഭക്ഷണവും ശരീര ഘടനയുമായി ബന്ധപ്പെട്ട നെഗറ്റീവ് ചിന്തകളും പെരുമാറ്റങ്ങളും തിരിച്ചറിയാനും വെല്ലുവിളികള്‍ നേരിടാനും CBT ആളുകളെ സഹായിക്കുന്നു.
പോഷകാഹാര കൗണ്‍സിലിംഗ്: ഈ പ്രശ്‌നമുള്ള ആളുകളെ സന്തുലിതവും സുസ്ഥിരവുമായ ഭക്ഷണ പദ്ധതി ശീലിപ്പിക്കാന്‍ ഒരു ഡയറ്റീഷ്യന് സാധിക്കും. പോഷകാഹാരക്കുറവ് പരിഹരിക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് കഴിയും.
എക്സ്പോഷര്‍ തെറാപ്പി: ആളുകള്‍ ഭയപ്പെടുന്ന ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട ഭയവും ഉത്കണ്ഠയും മറികടക്കാന്‍ അവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം.
കുടുംബാധിഷ്ഠിത തെറാപ്പി: കുടുംബാംഗങ്ങളും ചികിത്സാ പ്രക്രിയയില്‍ അവരുടെ പങ്കാളിത്തവുമാണ് ഈ തെറാപ്പിയുടെ അടിസ്ഥാനം. കുടുംബത്തിനുള്ളില്‍ ആശയവിനിമയവും പിന്തുണയും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും,
മരുന്ന്: ചില സന്ദര്‍ഭങ്ങളില്‍, ഈ പ്രശ്‌നത്തിന് കാരണമായേക്കാവുന്ന ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം പോലുള്ള അടിസ്ഥാന മാനസികാരോഗ്യ അവസ്ഥകളെ ചികിത്സിക്കാന്‍ മരുന്നുകള്‍ ഉപയോഗിച്ചേക്കാം.
മൈന്‍ഡ്ഫുള്‍നെസ് ടെക്നിക്കുകള്‍: ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസനം എന്നിവ പോലുള്ള പരിശീലനങ്ങള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം, ഉത്കണ്ഠ, ഭ്രാന്തമായ ചിന്തകള്‍ എന്നിവ നിയന്ത്രിക്കാന്‍ ആളുകളെ സഹായിക്കും.