Oddly News

ഓര്‍ഡര്‍ ചെയ്തത് 55000 രൂപയുടെ ഫോണ്‍; ലഭിച്ചത് ചായകപ്പ് !

ആമസോണില്‍ നിന്നും 55000 രൂപയുടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത 42 കാരന് ലഭിച്ചത് ഒരു സെറ്റ് ചായക്കപ്പ്. സംഭവം നടന്നത് മുംബൈയിലാണ്. ആമസോണിനെതിരെ വഞ്ചനാ കുറ്റം ആരോപിച്ച് അമര്‍ ചവാന്‍ പോലീസില്‍ പരാതിപ്പെട്ടു.

55000 രൂപയുടെ ടെക്നോ ഫാന്റം വി ഫോള്‍ഡ് 5 ജി ഫോണാണ് അമര്‍ ഓര്‍ഡര്‍ ചെയ്തത്. ജൂലൈ 15 ന് ഫോണ്‍ ഡെലിവറി ചെയ്തതായി മെസേജ് വന്നു. എന്നാല്‍ പാഴ്സലില്‍ ഫോണിന് പകരമായി ലഭിച്ചതാവട്ടെ ഒരു സെറ്റ് ചായകപ്പുകളായിരുന്നു.

വിവിരം ഉടന്‍ തന്നെ ആമസോണില്‍ അറിയിച്ചു. അന്വേഷണം നടത്താമെന്നും ഫോണിന് പകരമായി വന്ന ചായകപ്പുകള്‍ തിരിച്ചെടുക്കാമെന്നു ആമസോണ്‍ അമറിനെ അറിയിച്ചു. എന്നാല്‍ ജൂലൈ 20 ആയിട്ടും സാധനം തിരിച്ചെടുക്കാന്‍ ആരും വന്നില്ല. പിന്നീട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചെതെന്ന് അന്വേഷിക്കാന്‍ ആമസോണ്‍ താല്‍പര്യം കാണിക്കുന്നില്ലായെന്നും പരാതിയില്‍ വ്യക്തമാക്കി. ഫോണ്‍ ഡെലിവറി ചെയ്ത വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറി. മുമ്പും ഇത്തരം സംഭവം നിരവധി റിപ്പോര്‍ട്ട് ചെയ്തട്ടുണ്ട്. കഴിഞ്ഞ മാസം ബെംഗളൂരു യുവതി ഓര്‍ഡര്‍ ചെയ്ത പാഴ്സലില്‍ നിന്ന് ജീവനുള്ള പാമ്പിനെ കിട്ടിയിരുന്നു.