Fitness

ഉലോങ് ചായ കുടിക്കൂ… ഉറങ്ങുമ്പോള്‍പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയും

ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്.

വളരെ എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഒരു വിദ്യയാണ് ജപ്പാനിലെ സുക്കുബ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ദിവസവും രണ്ട് കപ്പ് ഉലോങ് ചായ കുടിക്കുക മാത്രം ചെയ്താല്‍ മതി. ഉറങ്ങുമ്പോള്‍ പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാന്‍ ഈ ചായ സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരേസമയം ഗ്രീന്‍ ടീയുടേയും കട്ടന്‍ ചായയുടേയും സവിശേഷതകള്‍ ഒത്തിണങ്ങിയതാണ് ഉലോങ് ചായ. നേരത്തെ ഉലോങ് ചായയെ കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു.

ഗ്രീൻ ടീയും സാധാരണ തേയിലയും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചെടിയായ കാമെലിയ സിനെൻസിസ് ചെടിയുടെ ഇലകളിൽ നിന്നാണ് ഇതും നിർമ്മിച്ചിരിക്കുന്നത്. തേയില എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിലാണ് വ്യത്യാസം. ഊലോങ് ഉണ്ടാക്കാന്‍ ഓക്‌സിഡേഷനായി ഇലകൾ വെയിലില്‍ വാട്ടുകയും ചെറുതായി ചതക്കുകയും ചെയ്യുന്നു.

ഈ ചായ കുടിക്കുന്നവരില്‍ 3.4 ശതമാനം കൂടുതല്‍ കലോറി കത്തി പോകുന്നുണ്ടെന്നാണ് അന്ന് തെളിഞ്ഞത്. ഉലോങ് ചായ കുടിക്കുന്ന മുതിര്‍ന്ന പൗരന്മാരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യത 64 ശതമാനം കുറവാണെന്നും കണ്ടെത്തിയിരുന്നു. 61 ശതമാനം ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുമെന്നും അര്‍ബുദത്തെ പോലും തടയുമെന്നും മുന്‍പ് നടന്ന പഠനത്തില്‍ പറഞ്ഞിരുന്നു.

പഠനം നടത്തിയത് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യമുള്ള ഒരുകൂട്ടം വളണ്ടിയര്‍മാരിലാണ്. ഇവര്‍ക്ക് ഒന്നുകില്‍ ഉലോങ് ചായയോ ശുദ്ധമായ കഫീനോ രണ്ടാഴ്ച തുടര്‍ച്ചയായി കുടിക്കാന്‍ നല്‍കി. ശരീരത്തില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം മാറ്റങ്ങള്‍ക്കിടയാക്കി എന്ന് നിരീക്ഷിച്ചു. ഉലോങ് ചായയും കഫീനും ഒരുപോലെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഉലോങ് ചായ ഉറങ്ങുമ്പോള്‍ പോലും തന്റെ പ്രവര്‍ത്തനം തുടര്‍ന്നുവെന്നതാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഊലോംഗ് ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ, പോളിഫെനോൾ എന്നിവ ഓരോ ദിവസവും എരിയുന്ന കലോറിയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ആത്യന്തികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ഉലോങ് ചായ നമ്മുടെ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നുവെന്നും ഹൃദയമിടിപ്പ് കൂട്ടുന്നുവെന്നുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. കുംപെയ് ടൊകുയാമ പറയുന്നത്. ഏതെങ്കിലും ആഘോഷ കാലത്ത് ഭക്ഷണത്തിലൂടെ അധിക കൊഴുപ്പ് ശരീരത്തിലെത്തിയാലും ദിവസം രണ്ട് ഉലോങ് ചായ കുടിച്ചാല്‍ ആ പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഉലോങ് ചായ അമിതമായി കഴിക്കുമ്പോൾ, കഫീൻ ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ക്രമരഹിതമായ ഹൃദയമിടിപ്പ്, ചില സന്ദർഭങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചറും (USDA) യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയും (EFSA) പ്രതിദിനം 400 മില്ലിഗ്രാം കഫീൻ കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കുന്നു. ഇത് പ്രതിദിനം 48-80 ഔൺസ് ഊലോങ് ചായയ്ക്ക് തുല്യമാണ്