Oddly News

കനത്ത മഴ; ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി; 1000പേര്‍ മരിച്ചു, ഒരാള്‍ മാത്രം രക്ഷപ്പെട്ടു !

സുഡാനിലെ ഡാര്‍ഫുര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 1,000-ത്തിലധികം ആളുകള്‍ മരിച്ചു. ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി പോയപ്പോള്‍ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ദിവസങ്ങളോളം നീണ്ട കനത്ത മഴയെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ഡാര്‍ഫുര്‍ മേഖലയിലെ മര്‍റ പര്‍വതനിരകളിലുള്ള തരാസിന്‍ ഗ്രാമം പൂര്‍ണ്ണമായും മണ്ണിനടിയിലായി. ദുരന്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് സുഡാന്‍ ലിബറേഷന്‍ മൂവ്മെന്റ് ആര്‍മി അറിയിച്ചത്.

ക്ഷാമവും വംശഹത്യയും കാരണം ഡാര്‍ഫുര്‍ മേഖല ദുരിതത്തിലായിരിക്കെയാണ് ഈ ദുരന്തം . ‘ആയിരത്തിലധികം ആളുകള്‍ താമസിച്ചിരുന്ന തരാസിന്‍ ഗ്രാമത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. സിട്രസ് ഉല്‍പ്പാദനത്തിന് പേരുകേട്ട പ്രദേശത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും മണ്ണിടിച്ചില്‍ നശിപ്പിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു.

മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സുഡാനിലെ സൈന്യവും അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തരയുദ്ധം രാജ്യത്തെ വലിയ മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തിലാണ് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധം കാരണം നോര്‍ത്ത് ഡാര്‍ഫുര്‍ സംസ്ഥാനത്ത് നിന്ന് നിരവധി ആളുകള്‍ മര്‍റ പര്‍വതനിരകളിലേക്ക് പലായനം ചെയ്തിരുന്നു. ഇതിനിടയിലാണ് ദുരന്തമുണ്ടായത്.

നിരന്തരമായ മഴയെ തുടര്‍ന്നാണ് മര്‍റ പര്‍വതനിരകളിലെ തരാസിന്‍ ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. യുദ്ധം കാരണം ഡാര്‍ഫുറിന്റെ പല ഭാഗങ്ങളിലേക്കും – മണ്ണിടിച്ചിലുണ്ടായ പ്രദേശം ഉള്‍പ്പെടെ – അന്താരാഷ്ട്ര സഹായ സംഘടനകള്‍ക്ക് എത്താന്‍ കഴിയില്ല. ഇത് അടിയന്തിര മാനുഷിക സഹായം എത്തിക്കുന്നതിന് ഗുരുതരമായ പരിമിതികള്‍ സൃഷ്ടിക്കുന്നു.