Oddly News

ഗൗണ്ടര്‍ സമുദായത്തില്‍ നിന്നു മാത്രമേ വിവാഹം കഴിക്കൂ; പെണ്‍കുട്ടികളെ കൊണ്ടു പ്രതിജ്ഞയെടുപ്പിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടി

ചെന്നൈ: കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നതും മിശ്രജാതി വിവാഹങ്ങളും ദുരഭിമാനകൊലപാതകങ്ങളും വ്യാപകവുമായ തമിഴ്‌നാട്ടില്‍ തങ്ങളുടെ സമുദായത്തില്‍ നിന്നും മാത്രമേ വിവാഹം കഴിക്കൂ എന്ന് സ്ത്രീകളെക്കൊണ്ടു പ്രതിജ്ഞയെടുപ്പിച്ചു. കൈകള്‍ മുന്നിലേക്ക് നീട്ടി ഒരു കൂട്ടം സ്ത്രീകള്‍ പ്രതിജ്ഞയെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് ഇവരെക്കൊണ്ടു പറയിക്കുന്നത്. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ കൊങ്ങുനാട് മക്കള്‍ ദേശീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് വിവാദം. പാര്‍ട്ടിയുടെ ട്രഷറര്‍ കെകെസി ബാലുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

”ഇതൊരു വാഗ്ദാനമാണ്! ഇതൊരു വാഗ്ദാനമാണ്! ചിന്നമലയിലെ വാഗ്ദാനമാണ്, ഞങ്ങള്‍ ഒരു ഗൗണ്ടര്‍ വീട്ടിലെ ആളെ വിവാഹം കഴിക്കു…” കെകെസി ബാലുവിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുന്നു. തമിഴ്നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളിലെ പ്രബല സമുദായമാണ് ഗൗണ്ടര്‍മാര്‍.പരമ്പരാഗത നൃത്തം അവതരിപ്പിച്ചതിന് ശേഷം കെകെസി ബാലു പെണ്‍കുട്ടികള്‍ക്ക് സൗകര്യമൊരുക്കുന്നത് വീഡിയോയില്‍ കാണാം.

പ്രധാനമായും ഗൗണ്ടര്‍മാര്‍ അവതരിപ്പിക്കുന്ന പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ നിന്നുള്ള പരമ്പരാഗത നൃത്തരൂപമായ വള്ളികുമ്മി നൃത്തമാണ് പെണ്‍കുട്ടികള്‍ അവതരിപ്പിച്ചത്.തിരുപ്പൂര്‍, കോയമ്പത്തൂര്‍, ഈറോഡ്, സേലം, നാമക്കല്‍ എന്നിവിടങ്ങളിലെ ഒരു പ്രബല സമുദായമായ ഗൗണ്ടര്‍ സമുദായം ദളിതരുമായി സംഘര്‍ഷത്തിലാണ്. മിശ്ര വിവാഹമാണ് മിക്കയിടത്തേയും പ്രശ്‌നങ്ങള്‍ക്ക് കാരണം. തങ്ങളുടെ സ്ത്രീകള്‍ ദളിത് പുരുഷന്മാരുമായി പ്രണയത്തിലാവുകയും അവരുമായി ഒളിച്ചോടുകയും ചെയ്യുന്നത് വര്‍ധിച്ചുവരുന്നതില്‍ ഗൗണ്ടര്‍ നേതാക്കള്‍ വേദനയും പ്രകടിപ്പിച്ചു.