Crime

20കാരി ദളിത് നഴ്‌സിനെ ഡോക്ടര്‍ ആശുപത്രിയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 20കാരിയായ ദളിത് നഴ്‌സിനെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ ബന്ദിയാക്കി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ആഗസ്റ്റ് 17-18 തീയതികളില്‍ രാത്രിയില്‍ നഴ്സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് നഴ്സിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്ക് നഴ്‌സിനെ കൂട്ടിക്കൊടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.

ആഗസ്ത് 17ന് വൈകീട്ട് ഏഴ് മണിക്ക് ഡ്യൂട്ടിക്ക് ഹാജരായ യുവതിയെ അന്നു രാത്രി വൈകി, ആശുപത്രിയിലെ മറ്റൊരു നഴ്സായ മെഹ്നാസ്, ഇരയോട് ഒരു ഡോക്ടര്‍ ഷാനവാസിനെ അയാളുടെ മുറിയില്‍ ചെന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചപ്പോള്‍ മെഹ്നാസും വാര്‍ഡ് ബോയ് ജുനൈദും ചേര്‍ന്ന് ആശുപത്രിയുടെ മുകള്‍ നിലയിലെ മുറിയിലേക്ക് നഴ്‌സിനെ ബലമായി കൊണ്ടുപോയി പുറത്തുനിന്ന് പൂട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. ഡോ. ഷാനവാസ് ബലാത്സംഗം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് സംസാരിച്ച മൊറാദാബാദ് പോലീസ് സൂപ്രണ്ട് (എസ്പി) റൂറല്‍ സന്ദീപ് കുമാര്‍ മീണ പറഞ്ഞു, ‘ഇതുമായി ബന്ധപ്പെട്ട് താക്കൂര്‍ദ്വാര പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. മൂന്ന് വ്യക്തികള്‍ക്കെതിരെ കേസെടുത്തു. ഒരു ടീമും രൂപീകരിച്ചു, കൂടാതെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു, യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നഴ്സിന്റെ പിതാവ് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടു, ”എന്റെ മകള്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയും കഴിഞ്ഞ പത്ത് മാസമായി പ്രാദേശിക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയും ചെയ്യുന്നു. ഒരു ശമ്പളവും നല്‍കാതെ വെറും യാത്രാ ചെലവ് മാത്രമാണ് ആശുപത്രി നല്‍കുന്നത്.

ആഗസ്ത് 17ന് രാത്രി ഷിഫ്റ്റ് ആയപ്പോള്‍ ആശുപത്രിയിലെ നഴ്സ് മെഹ്നാസും വാര്‍ഡ് ബോയ് ജുനൈദും ചേര്‍ന്ന് അവളെ കുറ്റാരോപിതനായ ഡോക്ടര്‍ താമസിച്ചിരുന്ന മുറിയിലേക്ക് പിടിച്ചുവലിച്ച് എത്തിക്കുയായിരുന്നു. ‘ഡോക്ടര്‍ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം അവള്‍ വളരെ പ്രയാസപ്പെട്ട് ഇറങ്ങി വരുകയും പ്രഭാത ഷിഫ്റ്റ് നഴ്സിനെ സംഭവം അറിയിക്കുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം അവള്‍ സംഭവം വീട്ടുകാരോട് പങ്കുവെയ്ക്കുകയും കേസ് നല്കുകയുമായിരുന്നു.