ജീവിതകാലം മുഴുവനും ഒരേ സ്ഥലത്ത് താമസിക്കുന്ന ജീവിതശൈലിക്ക് മാറ്റം വന്നിരിക്കുകയാണ്. തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് നഗരങ്ങളിലേക്ക് മാറുന്നവരാണ് അധികവും. പുതിയ വീടുകളെടുക്കുമ്പോള് ഗൃഹോപകരണങ്ങള്‍ അവിടേക്ക് എത്തിക്കുന്നതും വാങ്ങുന്നതുമെല്ലാം തലവേദനയാണ്.
സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയെന്നതാണ് ഒരു ഓപ്ഷനുള്ളത്. എന്നാല്‍ എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കണമെന്നില്ല. ഇതൊന്നുമില്ലാതെ പുതിയ ഗൃഹോപകരണങ്ങള്‍ മാസവാടകയ്ക്ക് ഉപയോഗിക്കാനായി സാധിക്കുമോ? മുന്‍നിര ഗൃഹോപകരണ കമ്പനികളടക്കം ഈ മേഖലയില്‍ വിപണി സാധ്യത തേടുന്നു.
ദക്ഷിണ കൊറിയ പലയിടങ്ങളിലും പ്രാവര്‍ത്തികമാക്കിയ ഈ വാടക പദ്ധതി ഇന്ത്യയിലും വരാനായി ഒരുങ്ങുന്നു. ഇത് പ്രകാരം ഏത് മോഡല്‍ ഗൃഹോപകരണവും ഉപഭോക്താവിന് തിരഞ്ഞെടുക്കാം. പ്രതിമാസ വാടക കൃത്യമായി നല്‍കണമെന്ന് മാത്രം. ഉപയോഗിച്ച് കുറച്ച് കഴിഞ്ഞ് ഈ മോഡല്‍ മടുത്തുപോവുകയോ പുതിയ മോഡല്‍ വന്നതായി അറിയുകയോ ചെയ്താല്‍ നിലവിലുള്ളത് മടക്കി നല്കി പുതിയ മോഡല്‍ വാടയ്ക്കെടുക്കാം.
ഡൗണ്‍ പെയ്മെന്റിലാതെ തന്നെ ഒത്തിരി കാലം വാടകയ്ക്ക് ഉല്പന്നങ്ങള് ലഭിക്കുന്നു. പല സബ്സ്ക്രിപ്ഷ്ന് പ്ലാനുകളും കമ്പനികള്‍ തയ്യാറാക്കുന്നു. ഡെലിവറി, ഇന്സ്റ്റാലേഷന്, മെയിന്റനന്‍സ് ഫ്രീ, അപ്ഗ്രേഡ് തുടങ്ങിയ പല ഓപ്ഷനും സബ്സ്ക്രിപ്ഷ്നില് ഉള്‍പ്പെടുത്തുന്നു. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ഗുണനിലവാരമുള്ള ഗൃഹോപകരണം ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
ചില നഗരങ്ങളിലെങ്കിലും ഈ വാടകവിപണി വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2023ലെ കണക്കുകള്‍ അനുസരിച്ച് 8300 കോടിയാണ് ഇന്ത്യയിലെ ഗൃഹോപകരണ സബ്സക്രിപ്ഷന് വിപണിയുടെ മൂല്യം.