Featured Sports

രോഹിതിന്റെ കാലം കഴിഞ്ഞു, ഇനി ഗില്ലിന്റെ സമയം ; ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും നായകനാക്കിയേക്കും

ക്രിക്കറ്റില്‍ പുതിയയുഗം തേടുന്ന ഇന്ത്യന്‍ടീം ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലൂം നായകനെ മാറ്റുമോ? ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും രോഹിത്ശര്‍മ്മയുടെ കാലം കഴിഞ്ഞെന്നും ശുഭ്മാന്‍ ഗില്ലിനെ ഏകദിനത്തിനും നായകനാക്കിയേക്കാന്‍ സാധ്യത തെളിയുന്നു. 2027 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള നീക്കം ഇപ്പോഴേ ഇന്ത്യ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ ചിന്തയെ ന്നാണ് വിവരം. സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമില്‍ ഇത് വലിയ ചര്‍ച്ചയായി മാറിയി ട്ടുണ്ട്.

ഈ റിപ്പോര്‍ട്ടും, എക്സിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ വൈറല്‍ പോസ്റ്റും ചേര്‍ന്നാണ് ഈ അഭ്യൂഹം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഭാവിയിലേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഉടന്‍ തന്നെ നേതൃമാറ്റം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025 ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ ചുമതല ഗില്ലിന് നല്‍കിയേക്കുമെന്നും മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ പരമ്പരയായിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കരിയറിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ്മയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതോടെ ശക്തമായി. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയുടെ ഫോം കുറച്ചുകാലമായി മോശമായിരുന്നു. നിരാശാജനകമായ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം, 2024 ഡിസംബറില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന ടെസ്റ്റിനിടെ അദ്ദേഹം നായകസ്ഥാനം രാജിവച്ചു. 2025-ല്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിക്കുകയും ഏകദിനങ്ങളില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും 2027 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനാണ് ലക്ഷ്യമെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

2024 ടി20 ലോകകപ്പും 2025 ചാമ്പ്യന്‍സ് ട്രോഫിയും നേടിയ രോഹിത് ഇന്ത്യയിലെ ഏറ്റവും വിജയകരമായ വൈറ്റ്-ബോള്‍ ക്യാപ്റ്റന്മാരില്‍ ഒരാളാണ്. അതേസമയം, ശുഭ്മാന്‍ ഗില്ലും വളരെ വേഗത്തില്‍ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരയില്‍ ഇതിനകം തന്നെ അദ്ദേഹം 500-ലധികം റണ്‍സ് നേടിയിട്ടുണ്ട്, അതില്‍ ഒരു ഇരട്ട സെഞ്ച്വറിയുമുണ്ട്, കൂടാതെ തന്റെ നായകത്വത്തില്‍ മികച്ച പക്വതയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ടെസ്റ്റുകളിലെ വിജയവും ഏകദിനത്തിലെ സ്ഥിരതയുള്ള റെക്കോ ര്‍ഡും അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് ശക്തനായ മത്സരാര്‍ത്ഥിയാക്കിയിട്ടുണ്ട്.