Healthy Food

നല്ല ആഹാരം കഴിച്ചാല്‍ മാത്രംപോരാ, പിന്നെയോ?

ഒരു ദിവസം നമ്മളുടെ ശരീരത്തിന് നിരവധി പോഷകങ്ങള്‍ അനിവാര്യമാണ്. ഇതിനായി, നമ്മള്‍ നല്ല ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. ഇതിനായി നിങ്ങള്‍ ആഹാരത്തില്‍ നല്ല ഫൈബര്‍ ചേര്‍ക്കണം. അതുപോലെ മിനറല്‍സ്, പ്രോട്ടീന്‍, വിറ്റമിന്‍സ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ശരീരത്തിനനുസരിച്ച് ചേര്‍ക്കുക. ഇതിനായി നിങ്ങള്‍ക്ക് ധാന്യങ്ങള്‍, ഇറച്ചി വിഭവങ്ങള്‍, പച്ചക്കറികള്‍ അതുപോലെ തന്നെ പഴങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങളെ എല്ലായ്പ്പോഴും ഹെല്‍ത്തിയാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, നല്ലപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അവശ്യപോഷകങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം….

  • വൈറ്റമിനുകള്‍ – നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംയുക്തങ്ങള്‍ ആണ് വൈറ്റമിനുകള്‍. നാരകഫലങ്ങളില്‍ കാണപ്പെടുന്ന വൈറ്റമിന്‍ സി, രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ഇലക്കറികളിലും ഇറച്ചിയിലുമുള്ള ബി വൈറ്റമിനുകള്‍, ഊര്‍ജോല്‍പാദനത്തിനു സഹായിക്കുന്നു. ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങളിലും സൂര്യപ്രകാശത്തിനും കാണപ്പെടുന്ന വൈറ്റമിന്‍ ഡി, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
  • പ്രോട്ടീന്‍ – പ്രോട്ടീന്‍ അഥവാ മാംസ്യം പേശിവളര്‍ച്ചയ്ക്കും പേശിയുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ആവശ്യമാണ്. കോശങ്ങളുടെ നിര്‍മാണഘടകങ്ങളായ അമിനോ ആസിഡുകള്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇറച്ചി, മത്സ്യം, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്സ് ഇവയെല്ലാം പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.
  • നിരോക്സീകാരികള്‍ – നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും നിരോക്സീകാരികള്‍ (Antioxidants) ഉണ്ട്. വൈറ്റമിന്‍ ഇ, സെലെനിയം തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും ഓക്സീകരണ സമ്മര്‍ദത്തില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. ഇവ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുന്നു. അതുവഴി ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
  • അന്നജം – ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നത് അന്നജമാണ്. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അന്നജം (Carbohydrates) ആവശ്യമാണ്. മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കോംപ്ലക്സ് കാര്‍ബ്സ്, ഊര്‍ജമേകുന്നതോടൊപ്പം ഇവയിലെ നാരുകള്‍ (fiber) ദഹനത്തിനും സഹായിക്കുന്നു.
  • ചെറിയ അളവിലുള്ള രാസമൂലകങ്ങള്‍ – സിങ്ക്, സെലെനിയം, അയഡിന്‍ തുടങ്ങിയ മൂലകങ്ങളും ചെറിയ അളവില്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇവ രോഗപ്രതിരോധ സംവിധാനത്തിലും, തൈറോയ്ഡിന്റെ ആരോഗ്യത്തിനും ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന പങ്ക് വഹിക്കുന്നു. കടല്‍വിഭവങ്ങള്‍, നട്സ്, സീഡ്സ് ഇവയില്‍ നിന്ന് ഈ മൂലകങ്ങള്‍ ലഭിക്കും.
  • ധാതുക്കള്‍ – കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ എല്ലുകളെ ശക്തിപ്പെടുത്താനും ഓക്സിജന്റെ വാഹനത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും ഫ്ലൂയിഡ് ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു. പാലുല്‍പന്നങ്ങളിലും ഇലക്കറികളിലും കാല്‍സ്യം ധാരാളമുണ്ട്. ഇലക്കറികളും ബീന്‍സും അയണ്‍, മഗ്നീഷ്യം ഇവയാല്‍ സമ്പന്നമാണ്.
  • നാരുകള്‍ – ദഹനാരോഗ്യം മെച്ചപ്പെടുത്താനും ബവല്‍ മൂവ്മെന്റ് നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകള്‍ ആവശ്യമാണ്. മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം നാരുകളുടെ (fiber) മികച്ച ഉറവിടമാണ്. ഉദരാരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും നാരുകള്‍ സഹായിക്കുന്നു.
  • പ്രോബയോട്ടിക്സ് – ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന, ദഹനത്തിനു സഹായിക്കുന്ന രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഉപകാരികളായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്. യോഗര്‍ട്ട്, കെഫിര്‍, മറ്റ് പുളിപ്പിച്ച (Fermeted) ഭക്ഷണങ്ങള്‍ ഇവയിലെല്ലാം പ്രോബയോട്ടിക്സിനെ കാണാം. ഇവ ഒരു സമീകൃത മൈക്രോബയോം നേടാന്‍ സഹായിക്കുന്നു.

  • കൊഴുപ്പ് – അപൂരിതകൊഴുപ്പുകള്‍ അടങ്ങിയ ഒലിവ് ഓയില്‍, വെണ്ണപ്പഴം, നട്സ്, സീഡ്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനും പ്രധാനമാണ്. വൈറ്റമിന്‍ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളുടെ ആഗിരണത്തിനും ഇവ ആവശ്യമാണ്. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.