നടന്‍ കാര്‍ത്തിയുടെ സിനിമാ അരങ്ങേറ്റമായ ‘പരുത്തിവീരന്‍’ സിനിമയുമായി ബന്ധപ്പെട്ട് തമിഴ്‌സിനിമയില്‍ ഉയരുന്ന വന്‍ വിവാദത്തില്‍ സിനിമയുടെ സന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സിനിമയുടെ നിര്‍മ്മാതാവായി സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിട്ടുള്ളത് അമീര്‍ സുല്‍ത്താന്റെ പേരാണ്. സിനിമയുടെ സംവിധായകനായ അമീര്‍ സൂല്‍ത്താനും കാര്‍ത്തിയുടേയും സൂര്യയുടെയും ബന്ധുവുമായ കെ.ഇ. ജ്ഞാനവേലുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതാണ് വിവാദമായി മാറിയത്.
കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത് സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ കാര്‍ത്തി നടത്തിയ ഒരു പരിപാടിയോടെയാണ് വിവാദം തുടങ്ങിയത്. കാര്‍ത്തിക്ക് അവസരം നല്‍കിയ സംവിധായകരെയെല്ലാം ക്ഷണിച്ച ചടങ്ങില്‍ ആദ്യ സിനിമ സംവിധാനം ചെയ്ത അമീര്‍ സുല്‍ത്താന്റെ അഭാവം ശ്രദ്ധേയമായിരുന്നു. ഇതിന് കാര്‍ത്തി നല്‍കിയ മറുപടി താന്‍ ക്ഷണിച്ചിരുന്നു എന്നാല്‍ അമീര്‍ വന്നില്ല എന്നായിരുന്നു. എന്നാല്‍ തന്നെ ക്ഷണിച്ചിരുന്നില്ല എന്നായിരുന്നു ഇതിന് അമീര്‍ നല്‍കിയ മറുപടി. തുടര്‍ന്ന് സിനിമയുമായി ഉണ്ടായിട്ടുള്ള തര്‍ക്കമായിരുന്നു കാരണമെന്നാണ് പുറത്തുവന്ന ഊഹാപോഹം. പരുത്തിവീരന്‍ സിനിമയുടെ ആദ്യ നിര്‍മ്മാതാവ് ജ്ഞാനവേല്‍ ആയിരുന്നു. ഇതു കാര്‍ത്തിയുടേയും സൂര്യയുടേയും ബന്ധു കൂടിയാണ്. എന്നാല്‍ പിന്നീട് സിനിമ പൂര്‍ത്തിയാക്കിയത് അമീര്‍ സുല്‍ത്താന്‍ മുന്‍കൈയെടുത്താണ് എന്നായിരുന്നു അദ്ദേഹം പറയുന്നത്. സിനിമ വിജയമായതോടെ അതിന്റെ ലാഭവിഹിതം മുഴുവന്‍ ജ്ഞാനവേല്‍രാജ കൊണ്ടുപോയതായി അമീര്‍ ആരോപിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
ഇടയ്ക്ക് വെച്ച് ജ്ഞാനവേല്‍ സിനിമയില്‍ നിന്നും പിന്മാറിയെന്നും തുടര്‍ന്ന് പടം പൂര്‍ത്തിയാക്കിയത് താനാണെന്ന് അമീര്‍ വാദിക്കുന്നത്. എന്നാല്‍ സിനിമയ്ക്കായി അമീര്‍ മുമ്പോട്ട് വെച്ച ബജറ്റിനേക്കാള്‍ കൂടുതല്‍ തുക ചെലവായതായും പണം അമീര്‍ സുല്‍ത്താന്‍ ധൂര്‍ത്തടിച്ചെന്ന ആരോപണമാണ് ജ്ഞാനവേല്‍രാജ നടത്തിയത്. ഈ വിഷയത്തില്‍ വെട്രിമാരന്‍ അടക്കം അനേകം സംവിധായകര്‍ അമീര്‍ സുല്‍ത്താനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ വിഷയത്തില്‍ സൂര്യയോ കാര്‍ത്തിയോ ഇവരുടെ പിതാവായ ശിവകുമാറോ പ്രതികരിച്ചിട്ടില്ല എന്നതാണ് ഏറെ വിവാദമാകുന്നത്.
സിനിമ ജ്ഞാനവേല്‍ രാജയുടെ ബാനറിലായിരുന്നു പുറത്തുവന്നത്. എന്നാല്‍ സിനിമയുടെ യഥാര്‍ത്ഥ നിര്‍മ്മാതാവ് അമീര്‍ എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ കാണുന്നത്. സിനിമയുടെ വേഗത്തിലുള്ള റിലീസിനായി അമീര്‍ ജ്ഞാനവേല്‍രാജയ്ക്ക് കൈമാറുകയായിരുന്നു. ഇടയ്ക്ക് വെച്ച് നിര്‍മ്മാതാവ് ഇട്ടിട്ടുപോയ സിനിമ അമീര്‍ സ്വന്തമായി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ സിനിമ പിന്നീട് പിടിച്ചെടുത്ത ജ്ഞാനവേല്‍രാജ നടന്‍ സൂര്യയുടെ സാമ്പത്തീക സഹായത്തോടെ റിലീസ് ചെയ്യകയായിരുന്നു. ഇക്കാര്യത്തില്‍ അമീറും ജ്ഞാനവേല്‍ രാജയും തമ്മിലുള്ള തര്‍ക്കം വര്‍ഷങ്ങളായി തുടരുകയാണ്.