Celebrity

വിവാഹിതയാകാത്തത് നല്ല പേരന്റാവാന്‍ കഴിയാത്തതുകൊണ്ട്…: കൃഷ്ണപ്രഭ

കൃഷ്ണപ്രഭ നടിയെ​ന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും ഗായികയെന്ന നിലയിലും പ്രശസ്തയാണ്. താരം. മാടമ്പിയെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഹാസ്യവേഷങ്ങളിലൂടെ താരം സുപരിചതയാണ്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം തന്റെ ഡാന്‍സ് റീല്‍സ് വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഗായകന്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡിലെ ഗായിക കൂടിയാണ് കൃഷ്ണ പ്രഭ.

ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതും അവസാന നിമിഷം ഉറപ്പിച്ച വേഷങ്ങള്‍ നഷ്ടപ്പെട്ടതും തന്നെ കരയിപ്പിച്ചിട്ടുണ്ടെന്നും പറയുകയാണ് കൃഷ്ണപ്രഭ. തനിക്കൊരിക്കലും നല്ലൊരു രക്ഷിതാവാകാന്‍ സാധിക്കില്ലാത്തതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും താരം പറയുന്നു.

‘‘എന്റെ കരിയര്‍ 20-25 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. എനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞാലും നിരാശപ്പെടേണ്ട കാര്യമില്ല. എനിക്ക് സിനിമ ഇല്ലെങ്കില്‍, ആ സമയം സീരിയല്‍ ചെയ്യാന്‍ പോവാം, ആങ്കറിങ് ചെയ്യാം, പാട്ടും ഡാന്‍സും അറിയാവുന്നത് കൊണ്ട് പാട്ട് പാടാന്‍ പോവാം… ഞാന്‍ എപ്പോഴും ബിസി ആയിട്ട് ഇരിക്കും.
എന്റെ അമ്മ നന്നായാണ് വളര്‍ത്തിയത്. പക്ഷേ ഞാനൊരിക്കലും നല്ല പേരന്റ് ആയിരിക്കില്ല എന്നുള്ളതിനെപ്പറ്റി എനിക്കൊരു ഉത്തമ ബോധ്യമുള്ളതു ഞാനൊരു കല്യാണം പോലും കഴിക്കാത്തത്….’’ കൃഷ്ണപ്രഭ പറയുന്നു.
‘‘കൈയ്യില്‍ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. അവസാന നിമിഷം വേഷങ്ങള്‍ ഉറപ്പിച്ചിട്ട് പോലും നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഒരാഴ്ചയോളം നിര്‍ത്തി നിര്‍ത്തി കരഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് മനസ്സിലായി. ഞാന്‍ ചെയ്ത പല സിനിമകളിലെയും കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ എനിക്ക് ചേര്‍ന്നതായിരുന്നില്ല.


എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോലും വെറുതെയിരിക്കാന്‍ സമയമില്ല. രാവിലെ എഴുന്നേറ്റ് പാട്ട് പ്രാക്ടീസ് ചെയ്യും, അതു കഴിയുമ്പോള്‍ അടുത്ത പാട്ട് പരിശീലിക്കും. ഇപ്പോള്‍ പലരും പറയുന്ന കേള്‍ക്കാം ‘ഓവര്‍ തിങ്കിങ്’, ‘ഭയങ്കര ഡിപ്രഷന്‍’, ‘മൂഡ് സ്വിങ്‌സ്’ എന്നൊക്കെയുള്ള വാക്കുകള്‍. ഞങ്ങളുടെ കാലത്ത് ഇതൊക്കെ വെറും ‘വട്ട്’ ആയിരുന്നു, ഇപ്പോള്‍ അതിന് പുതിയ പേരുകള്‍ വന്നിരിക്കുന്നു. ഈ അവസ്ഥകളൊക്കെ വരാന്‍ കാരണം മറ്റ് ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നുന്നു. വെറുതെയിരിക്കാതെ എപ്പോഴും എന്തെങ്കിലും ജോലികളില്‍ മുഴുകുന്നതിനാല്‍ ഇത്തരം മാനസിക സംഘര്‍ഷങ്ങളെ മറികടക്കാന്‍ സാധിക്കും. എപ്പോഴും തിരക്കോടെയിരുന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാം…’’ കൃഷ്ണപ്രഭ പറഞ്ഞു.