Myth and Reality

ഭൂമിയെ നശിപ്പിക്കാന്‍ ആ ഛിന്നഗ്രഹമെത്തുമോ? നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ?

2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രം. ഈ സമയത്ത് സോഷ്യലിടങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ് ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായ നോസ്ട്രഡാമസിന്റെ ചില പ്രവചനങ്ങൾ. കാരണം ആ പ്രവചനമനുസരിച്ച് 2025ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം.

പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായിരുന്നു നോസ്ട്രഡാമസ്. ആകാശത്തുനിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് അദ്ദേഹത്തിന്റെ പ്രവചനം. അത്ഭുതകരമെന്നുപറട്ടെ 2025 സെപ്റ്റംബർ 10ന് ഒരു വിമാനത്തിന്റെ വലിപ്പമുള്ള 2025 QV9 എന്ന ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോയതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 10,000 മൈൽ വേഗതയിൽ സഞ്ചരിച്ച ഛിന്നഗ്രഹം ഭൂമിയില്‍നിന്നും 1.25 ദശലക്ഷം മൈൽ അകലെയായി സുരക്ഷിതമായാണ് കടന്നുപോയത് എന്നതാണ് ആശ്വാസം.

ഭൂമിയുടെ ഭ്രമണപഥം ഇടയ്ക്കിടെ മുറിച്ചുകടക്കുന്ന ഛിന്നഗ്രഹങ്ങളുടേയും ഉല്‍ക്കകളുടേയും ഗ്രൂപ്പായ ആറ്റൻ ഗ്രൂപ്പിൽ പെടുന്നതായിരുന്നു ഛിന്നഗ്രഹം. എല്ലാ വർഷവും ഇത്തരത്തില്‍ നൂറുകണക്കിന് ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നുണ്ട്. അവയിൽ മിക്കവയും സുരക്ഷിതമായ അകലം പാലിച്ചാണ് കടന്നുപോകുന്നത്.

കൂടാതെ യുകെയിൽ പ്ലേഗ് പോലുള്ള ഒരു പകർച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രവചനമുണ്ടായിരുന്നു. യുദ്ധങ്ങളേക്കാള്‍ ഭയാനകമെന്നാണ് ഈ പകര്‍ച്ചവ്യാധിയെ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ ‘യൂറോപ്പിലെ ഭൂപ്രദേശങ്ങൾ ക്രൂരമായ യുദ്ധങ്ങളിൽ’ ഉൾപ്പെടും എന്നും പ്രവചനമുണ്ടായിരുന്നു. 2025 ൽ ഒരു ദീർഘകാല യുദ്ധം അവസാനിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ബ്രസീലില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഭക്ഷ്യ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും പ്രകൃതിദുരന്തങ്ങളുണ്ടാകുമെന്നും പ്രവചനമുണ്ട്.

സ്വര്‍ണ്ണവില കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ സ്വർണ്ണത്തിനോ വെള്ളിക്കോ പകരം തുകൽ നാണയങ്ങളും പിച്ചളയും ഉപയോഗിക്കുമെന്നും അദ്ദേഹം പുസ്തകത്തില്‍ എഴുതിയിട്ടുള്ളത് ഓര്‍ക്കാം. ഫ്രാൻസും തുർക്കിയും സംഘർഷമുണ്ടാകാമെന്നും പ്രവചനങ്ങളുണ്ട്.

മൈക്കൽ ഡി നോസ്ട്രഡാം എന്നാണ് യഥാര്‍ഥ പേര്. അഡോൾഫ് ഹിറ്റ്‌ലറുടെ അധികാരത്തിലേക്കുള്ള ഉയർച്ച, സെപ്റ്റംബർ 11 ആക്രമണങ്ങൾ, കോവിഡ്-19 പാൻഡെമിക് എന്നിവയുൾപ്പെടെ നിരവധി പ്രധാന സംഭവങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു. 1555ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ ‘ലെസ് പ്രൊഫറ്റീസ്’ എന്ന പുസ്തകത്തിലാണ് വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ലോകത്ത് എന്ത് സംഭവിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. 942 പ്രവചനങ്ങളാണ് പുസ്തകത്തിലുള്ളത്. ഇതിൽ പരാമർശിച്ചിരിക്കുന്ന പല കാര്യങ്ങളും ചിലവർഷങ്ങളിൽ സംഭവിച്ചതോടെ നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ചിലരെങ്കിലും വിശ്വസിക്കുവാന്‍ ആരംഭിച്ചു.