സ്വയം പ്രഖ്യാപിത ആള്‍ദൈവവും വിവാദനായികയുമായ നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് കാമുകനായ മറ്റൊരു സ്വയം പ്രഖ്യാപിത അവതാരം ഡ്യൂറെക്ക് വെറെറ്റുമായി വിവാഹിതരാകാനൊരുങ്ങുന്നു. നാളെകഴിഞ്ഞാണ് അതിന്ദ്രീയ ജ്ഞാനികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇരുവരുടേയും വിവാഹം. ഈ ദമ്പതികള്‍ വര്‍ഷങ്ങളായി നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.
നോര്‍വീജിയന്‍ രാജാവായ ഹറാള്‍ഡിന്റെ രണ്ട് മക്കളില്‍ മൂത്തവളാണ് 52 കാരി മാര്‍ത്ത, അതിന്ദ്രീയജ്ഞാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ്. തനിക്ക് മാലാഖമാരുമായി സംസാരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. ‘അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും’ മാലാഖമാരോട് സംസാരിക്കാനും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്‌കൂളും മാര്‍ത്ത രാജകുമാരി നടത്തുന്നുണ്ട്. രാജകുമാരി മാര്‍ത്ത 2002 ല്‍ തന്റെ ബഹുമാനപ്പെട്ട ‘ഹര്‍ റോയല്‍ ഹൈനസ്’ പദവി ഉപേക്ഷിച്ചതിന് ശേഷം സ്വന്തം ബിസിനസ്സ് ആരംഭിച്ചു.
സമാന സ്വഭാവമുള്ളയാളാണ് വിവാഹം കഴിക്കാന്‍ പോകുന്ന ഡ്യൂറെക്കും. മാന്ത്രികനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡ്യൂറെക് താന്‍ താന്‍ ആറാം തലമുറയിലെ അതിന്ദ്രീയജ്ഞാനി ആണെന്നും ദൈവത്തിന്റെ സേവകനും ഊര്‍ജ്ജ ആക്ടിവേറ്റര്‍ ആണെന്നും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റയാളാണെന്നും പറയുന്നു. മുമ്പ് വൃക്കസംബന്ധമായ രോഗംമൂലം മരിച്ചിരുന്നതായും ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നുമാണ് 2022 ല്‍ ഡ്യൂറെക് അവകാശപ്പെട്ടത്. വെറെറ്റ് തന്റെ ഇടപാടുകാരില്‍ വിചിത്രമായ ചികിത്സകളും രീതികളും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോളിവുഡ് സെലിബ്രിറ്റികളായ ഗ്വിനെത്ത് പാല്‍ട്രോയും അന്റോണിയോ ബാന്‍ഡേറാസും അദ്ദേഹത്തിന്റെ അനുയായികളില്‍ ഉള്‍പ്പെടുന്നു
വെറെറ്റ് ശനിയാഴ്ച മാര്‍ത്ത രാജകുമാരിയുമായി വിവാഹം കഴിക്കുമ്പോള്‍ താന്‍ ഒരു നിയോഗം പൂര്‍ത്തിയാക്കുകയാണെന്നാണ് ഡ്യൂറെക് അവകാശപ്പെടുന്നത്.. കഴിഞ്ഞ ജന്മത്തില്‍ താന്‍ ഒരു ഫറവോനാണെന്നും മാര്‍ത്ത ലൂയിസ് തന്റെ ഭാര്യയാണെന്നും അദ്ദേഹം പറയുന്നു. താന്‍ ഒരു ദിവസം നോര്‍വേയിലെ രാജകുമാരിയെ വിവാഹം കഴിക്കുമെന്ന് കുട്ടിയായിരുന്നപ്പോള്‍ ഒരു ബന്ധു പ്രവചിച്ചിരുന്നതായും പറഞ്ഞു. മാര്‍ത്ത മുമ്പ് അന്തരിച്ച എഴുത്തുകാരനും കലാകാരനുമായ അരി ബെഹിനെ വിവാഹം കഴിച്ചിരുന്നു. 2017ല്‍ വിവാഹമോചിതരായ ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. വിഷാദരോഗം ബാധിച്ച ബെന്‍ 2019 ക്രിസ്മസ് ദിനത്തില്‍ മരിച്ചു.
വ്യാഴാഴ്ചയാണ് വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മനോഹരമായ നോര്‍വീജിയന്‍ പട്ടണമായ ഗീറഞ്ചറില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. സ്വീഡിഷ് രാജകുടുംബത്തിലെ നിരവധി അംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവരും ടിവി രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങില്‍ അതിഥികളെ പ്രവേശിപ്പിക്കുന്നത്. അതിഥികളോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.