മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും, ഉയര്‍ന്ന ജീവിതനിലവാരത്തിനും പേരുകേട്ട നോര്‍വേ, ഇപ്പോള്‍ തൊഴില്‍ വിദഗ്ധരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അര്‍ദ്ധരാത്രിയിലെ സൂര്യനും നോര്‍ത്തേണ്‍ ലൈറ്റുകള്‍ക്കും പേരുകേട്ട രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത !
മഞ്ഞുമൂടിയ മലനിരകളും, വടക്കന്‍ ദീപക്കാഴ്ചകളും, ഓസ്ലോയിലെ മനോഹരമായ കാഴ്ചകളുമുള്ള രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നോര്‍വേ സ്ഥിര താമസത്തിനുള്ള അവസരമൊരുക്കുന്നു. ഇതിനായി ഇന്ത്യക്കാര്‍ ആദ്യം താത്കാലിക താമസാനുമതി നേടണം. വര്‍ക്ക് വിസ, കുടുംബ പുന:രധിവാസം, വിദ്യാഭ്യാസം, അല്ലെങ്കില്‍ നോര്‍വേ പൗരനുമായുള്ള വിവാഹം എന്നിവ വഴി താല്‍ക്കാലിക താമസത്തിന് അനുമതി ലഭിക്കും. പിന്നീട് സ്ഥിരം റെസിഡന്‍സി കിട്ടും.
നോര്‍വേയില്‍ തുടര്‍ച്ചയായി കുറഞ്ഞത് 3 വര്‍ഷം താമസിച്ചിരിക്കണം. ഈ 3 വര്‍ഷത്തിനുള്ളില്‍ 7 മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് പോകരുത്. 3 മാസത്തില്‍ കൂടുതല്‍ സാധുവായ താമസാനുമതിയില്ലാതെ കഴിയുകയുമരുത്. 16 നും 64 നും ഇടയില്‍ പ്രായമുള്ള അപേക്ഷകര്‍ സോഷ്യല്‍ സ്റ്റഡീസ്, നോര്‍വീജിയന്‍ ഭാഷാ പരീക്ഷകള്‍ പാസാകണം.
സ്ഥിരമായ വരുമാനവും ജോലിയും ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിന് മുന്‍പുള്ള ഒരു വര്‍ഷം സര്‍ക്കാര്‍ സാമ്പത്തിക സഹായം വാങ്ങിയിരിക്കരുത്. നോര്‍വേയില്‍ 3 വര്‍ഷം തുടര്‍ച്ചയായി പൂര്‍ത്തിയാക്കണമെന്ന് നോര്‍വീജിയന്‍ ഡയറക്ടറേറ്റ് ഓഫ് ഇമിഗ്രേഷന്‍ ഇതിനായുള്ള നടപടിക്രമങ്ങളില്‍ പറയുന്നു. സാധുവായ താമസാനുമതി, പാസ്പോര്‍ട്ട് പകര്‍പ്പുകള്‍, ജോലിയുടെയും വരുമാനത്തിന്റെയും രേഖകള്‍, ഭാഷാ പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിക്കേണ്ടി വരും.
മുതിര്‍ന്നവര്‍ക്ക് 4,000 നോര്‍വീജിയന്‍ ക്രോണര്‍, അതായത് 35,800 രൂപയാണ് പ്രോസസിംഗ് ഫീസ്. പോലീസുമായുള്ള കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കുക. സാധാരണയായി 2 മുതല്‍ 6 മാസം വരെയാണ് ഇതിന്റെ പ്രോസസിംഗ് സമയം. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, നോര്‍വേയില്‍ അനിശ്ചിതകാലം താമസിക്കാന്‍ സാധിക്കുന്ന പെര്‍മനന്റ് റെസിഡന്‍സ് കാര്‍ഡ് ലഭിക്കും.
ആഗോള സന്തോഷത്തിന്റെയും ജീവിതനിലവാരത്തിന്റെയും സൂചികകളില്‍ നോര്‍വേ സ്ഥിരമായി ഉയര്‍ന്ന സ്ഥാനത്ത് വരാറുണ്ട്. സാര്‍വത്രിക ആരോഗ്യ പരിരക്ഷ, മികച്ച പാരന്റല്‍ ലീവ്, യൂറോപ്പിലെ ഏറ്റവും ശുദ്ധമായ വായു തുടങ്ങിയ കാര്യങ്ങള്‍ അവിടുത്തെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കപ്പുറം നോര്‍വേയെ ആകര്‍ഷകമാക്കുന്നു. മെച്ചപ്പെട്ട തൊഴിലവസരങ്ങളും പ്രകൃതിയോട് ഇണങ്ങിയ ശാന്തമായ ജീവിതവും ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് പരിഗണിക്കാന്‍ കഴിയുന്ന ഒരു മികച്ച അവസരമാണ്.




