മുംബൈ: ദേശീയ ക്രിക്കറ്റ് താരമാകുന്നതിനു മുന്‍പ് ജീവിതത്തിൽ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചു മനസ്സു തുറക്കുകയാണ് ബംഗ്ലദേശിന്റെ ലോകകപ്പ് താരം മറൂഫ അക്തർ. വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനുവേണ്ടി തകർപ്പൻ പ്രകടനം തുടരുന്നതിനിടെയാണ് ബംഗ്ലദേശ് പേസറുടെ വെളിപ്പെടുത്തൽ . കാശില്ലാത്തതുകൊണ്ട് കുടുംബത്തെ ആരും വിവാഹം പോലും ക്ഷണിക്കാറില്ലെന്നും വിങ്ങിക്കരഞ്ഞുകൊണ്ട് മറുഫ വീഡിയോയിൽ പറയുന്നത്.
‘‘വിവാഹം പോലുള്ള ഒത്തുചേരലുകൾക്കൊന്നും ആരും ഞങ്ങളെ വിളിക്കാറില്ല. ഞങ്ങള്‍ക്ക് നല്ല വസ്ത്രങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണെന്നു അവര്‍ പറയും. ഞങ്ങളെ കൊണ്ടു പോയാൽ അവര്‍ക്ക് ഉള്ള വില കൂടി നഷ്ടമാകും എന്നാണ് പറയുക. ഈദിനു പുതിയ വസ്ത്രങ്ങൾ പോലും വാങ്ങാൻ സാധിക്കാത്ത കാലമുണ്ടായിരുന്നു. എന്റെ പിതാവ് കർഷകനാണ്, കൈവശം ആവശ്യത്തിനു പണമുണ്ടാകില്ല. ഗ്രാമത്തിലെ ആളുകളും സഹായിക്കില്ല.’’
‘ഇപ്പോഴുള്ള സ്ഥിതിയിലേയ്ക്ക് ഞങ്ങളെത്തിയിട്ട് അധികകാലമായിട്ടില്ല. പല ആൺകുട്ടികൾക്കും സാധിക്കാത്തതുപോലെ ഞാനിപ്പോൾ എന്റെ വീട്ടുകാരെ നോക്കുന്നുണ്ട്. അക്കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്. ആളുകൾ എന്നെ ആരാധനയോടെ നോക്കുമ്പോൾ ഇപ്പോൾ എനിക്ക് അദ്ഭുതമാണ്. ടിവിയിൽ എന്നെ കാണുമ്പോൾ നാണം വരും.’’– മറൂഫ പറഞ്ഞു. പാക്കിസ്ഥാനെതിരായ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഏഴോവറുകൾ പന്തെറിഞ്ഞ മറൂഫ 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബംഗ്ലദേശ് ഏഴു വിക്കറ്റിനു വിജയിച്ച മത്സരത്തിലെ പ്ലേയർ ഓഫ് ദ് മാച്ച് മറൂഫ ആയിരുന്നു.




