വേനല്‍ക്കാലം വന്നുകഴിഞ്ഞാല്‍ വിയര്‍ത്ത് കുളിച്ച് മനസ്സും ശരീരവും തളരുമെന്നത് ഉറപ്പാണ്. മേക്കപ്പ് കൂടെ ഇട്ടിട്ടുണ്ടെങ്കില്‍ പറയേണ്ടതില്ലലോ. വീണ്ടും മേക്കപ്പ് ഇടാനുള്ള മടികാരണം പലരും കുളിക്കേണ്ടന്ന് വരെ തീരുമാനിക്കാറുണ്ട്. എന്നാല്‍ അതിനൊരു പരിഹാരമാണ് ഷവര്‍ഷീല്‍ഡ്. ഇതുണ്ടെങ്കില്‍ തലനനച്ച് കുളിക്കാം മേക്കപ്പ് പോവാതെ തന്നെ.
സംഭവം ഒരു പ്ലാസ്റ്റിക് മാസ്‌കാണ്. ഇതിന് വെല്‍ക്രോ സ്ട്രാപ്പുണ്ട്. അതിനാല്‍ ഷവര്‍ ഷീല്‍ഡ് ധരിച്ച് കുളിക്കുകയാണെങ്കില്‍ മേക്കപ്പ് സുരക്ഷിതമായിരിക്കും എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. സ്ട്രാപ് ആയതിനാല്‍ വേഗം ധരിക്കാന്‍ സാധിക്കും. ഈ മനോഹരമായ ആശയത്തിന് പിന്നില്‍ ഷെറിദാന്‍ എന്ന അമേരിക്കന്‍ സംരംഭകയാണ്. കുളിക്കുമ്പോൾ മേക്കപ്പ് പോകുന്ന അനുഭവം പലതവണ ഉണ്ടായതിനാലാണ് ഇത് നിര്‍മ്മിക്കാന്‍ പ്രചോദനമായതെന്ന് അവര്‍ പറയുന്നു.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഉപകരണം വന്‍ തോതില്‍ കോലാഹലമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ കണ്ടുപിടിത്തത്തെ ട്രോളിയും വിമര്‍ശിച്ചും ഒരുപാടുപേര്‍ രംഗത്തെത്തിയട്ടുണ്ട്. ഇത് വാങ്ങാനെത്തുന്നവരും ഒട്ടും കുറവല്ല. ചില സാഹചര്യത്തില്‍ ഇത് വളരെ അധികം ഉപകാരപ്രദമാണെന്നാണ് ഉപയോഗിച്ചവരുടെ അഭിപ്രായം.