നെയില്‍ പോളിഷ് ഇട്ട് വിരലുകള്‍ മനോഹരമാക്കി വെക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. എന്നാല്‍ അത് കളയാനാണ് ഏറ്റവും പാട്പെടാറുള്ളത്. റിമൂവറാണ് നെയില്‍ പോളിഷ് കളയാനായി മിക്കവരും ഉപയോഗിക്കാറുള്ളത്. എന്നാല്‍ അത് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിതെളിക്കാറുമുണ്ട്. നഖത്തില്‍ നെയില്‍ പോളിഷ് ഉപയോഗിക്കാത്ത അവസരത്തില്‍ നാരാങ്ങ നീര് പുരട്ടുന്നത് നല്ലതാണ്. ഇനി നിങ്ങള്‍ക്ക് കൈയിലെ കാശ് കളയാതെ ആരോഗ്യം കളയാതെ നെയില്‍ പോളിഷ് കളയാം.
വെളിച്ചെണ്ണയാണ് നെയില്‍ പോളിഷ് കളയാനുള്ള ആദ്യം മാര്‍ഗം. വിരല്‍ മുക്കാന്‍ പാകത്തിന് ചുടാക്കിയ വെളിച്ചെണ്ണയില്‍ നഖം മുക്കിവെച്ചതിന് ശേഷം ടൂത്ത്പിക്ക് ഉപയോഗിച്ച് നഖം തുടച്ച് വൃത്തിയാക്കണം.വിറ്റാമിന്‍ ഇ ഓയിലുകളും നെയില്‍ പോളീഷ് റിമൂവറായി ഉപയോഗിക്കാം.
മറ്റൊരു എളുപ്പ വഴി പറയട്ടേ? നന്നായി ഉണങ്ങിയ നെയില്‍ പോളിഷിന് മുകളിലേക്ക് വീണ്ടും നെയില്‍ പോളിഷ് ഇടുക. പെട്ടെന്ന് തന്നെ പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ ആദ്യമുണ്ടായിരുന്ന നെയില്‍ പോളിഷടക്കം നീക്കം ചെയ്യാം. എന്നാല്‍ ഇത് ഹെല്‍ത്തിയല്ലയെന്നും ഓര്‍മ വെക്കുക.
പെര്‍ഫ്യൂം കോട്ടന്‍ തുണിയില്‍ മുക്കി നെയില്‍ പോളിഷ് ഇട്ട ഭാഗത്ത് തുടക്കാം. പെട്ടെന്ന് തന്നെ ഒരു പേപ്പര്‍ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ നെയില്‍ പോളിഷ് നീക്കം ചെയ്യാം. അല്ലെങ്കില്‍ നാരാങ്ങനീരും വിനാഗിരിയും ഉപയോഗിക്കാം.
നെയില്‍ പോളിഷ് കളയാനും നമ്മുടെ ടൂത്ത് പേസ്റ്റ് മിടുക്കനാണ്. കുറച്ച് ടൂത്ത് പേസ്റ്റും പകുതി നാരങ്ങയുടെ നീരും ചേര്‍ത്തുള്ള മിശ്രിതം നഖത്തില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം ബ്രഷിന്റെ സഹായത്തോടെ ഉരച്ച് കഴുകണം. അങ്ങനെ ചെയ്താല്‍ നെയില്‍ പോളീഷ് നിഷ്പ്രയാസം നീക്കം ചെയ്യാം.