Sports

20വര്‍ഷംനീണ്ട ഇതിഹാസ മത്സരത്തിന് വിരാമം; ഇത്തവണ ആ സൂപ്പര്‍താരങ്ങള്‍ ബാലന്‍ ഡി ഓറിനില്ല

ഒടുവില്‍ അവര്‍ മത്സരവേദിയില്‍ നിന്നും വേര്‍പിരിഞ്ഞു. സെപ്റ്റംബര്‍ 4 ബുധനാഴ്ച പുറത്തിറക്കിയ 2024 ബാലണ്‍ ഡി ഓര്‍ നോമിനികളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഭാഗമായില്ല. 20 വര്‍ഷത്തിലേറെ നീണ്ട ആസ്ട്രിക്ക് അവസാനിച്ചു. 2003ന് ശേഷം ആദ്യമായാണ് ഇരുവരും പട്ടികയില്‍ ഉള്‍പ്പെടാതെ പോകന്നത്. 2023ല്‍ അവസാനമായി നേടിയ വിജയത്തോടെ മെസ്സി 8 തവണ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. റൊണാള്‍ഡോ 5 തവണയാണ് ഈ പുരസ്‌കാരം നേടിയത്.

നിലവില്‍ അല്‍-നാസറിനൊപ്പം സൗദി പ്രോ ലീഗില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍താരം 2004 മുതല്‍ 2022 വരെ തുടര്‍ച്ചയായി ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുമ്പോള്‍ 2008-ല്‍ റൊണാള്‍ഡോ തന്റെ ആദ്യത്തെ ബാലണ്‍ ഡി ഓര്‍ നേടിയിരുന്നു, കൂടാതെ മികച്ച സമ്മാനം നേടിയ അവസാന പ്രീമിയര്‍ ലീഗ് താരമായി തുടരുന്നു. രസകരമെന്നു പറയട്ടെ, കഴിഞ്ഞ സീസണില്‍ ക്ലബ്ബിനും രാജ്യത്തിനുമായി 54 ഗോളുകള്‍ റൊണാള്‍ഡോ നേടിയത് അദ്ദേഹത്തെ ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

2006-ല്‍ മെസ്സിക്ക് അവാര്‍ഡിനുള്ള ആദ്യ നോമിനേഷന്‍ ലഭിച്ചു. അതിനുശേഷം അദ്ദേഹം ഇതിലേക്ക് വന്ന ഏറ്റവും ശക്തനായ ഒരു മത്സരാര്‍ത്ഥിയായി. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ഫുട്ബോളില്‍ നിന്ന് മാറി മറ്റൊരു മത്സരരംഗം പരീക്ഷിച്ച റൊണാള്‍ഡോ സൗദിലീഗിലേക്കാണ് പോയത്. അര്‍ജന്റീന താരവും പോര്‍ച്ചുഗല്‍ താരത്തെ പിന്തുടര്‍ന്നു. ഇന്റര്‍ മിയാമിയില്‍ ചേര്‍ന്ന താരം അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്കാണ് മാറിയത്. ഇരുവരും പടിയിറങ്ങിയതോടെ ഇത്തവണത്തെ ബാലന്‍ ഡി ഓറില്‍ ശക്തമായ മത്സരമാണ് കാത്തിരിക്കുന്നത്.

ബുധനാഴ്ച പുറത്തിറക്കിയ 30 പേരുടെ അന്തിമ പട്ടികയില്‍ ജൂഡ് ബെല്ലിംഗ്ഹാം, കൈലിയന്‍ എംബാപ്പെ, ടോണി ക്രൂസ്, വിനീഷ്യസ് ജൂനിയര്‍ എന്നിവരും ശ്രദ്ധേയരാണ്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് ടോപ് സ്‌കോററായി ഫിനിഷ് ചെയ്ത എര്‍ലിംഗ് ഹാലന്‍ഡും ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിലെ മറ്റൊരു ശ്രദ്ധേയമായ പേരാണ്. ഒക്‌ടോബര്‍ 28 നാണ് ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം പ്രഖ്യാപിക്കുക.