Oddly News

യു.എസില്‍ ബന്ധുക്കളില്ല, ഇംഗ്ലീഷും അറിയില്ല; വിവാഹത്തിനെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല

വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനായി യു.എസിലെത്തിയ ഇന്ത്യക്കാരിയെകാണാതായെന്ന്‌ റിപ്പോര്‍ട്ട്‌. ഇക്കഴിഞ്ഞ 20 ന്‌ ന്യൂജേഴ്‌സിയില്‍ എത്തിയ സിമ്രന്‍ സിമ്രന്‍ (24) എന്ന യുവതിയെയാണ്‌ കാണാതായത്‌. ലിന്‍ഡന്‍വോള്‍ഡ്‌ പോലീസ്‌ യുവതിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ്‌.

വിമാനത്താവളത്തില്‍ എത്തിയ സിമ്രനെ സിസി ടിവി പരിശോധിച്ച പോലീസ്‌ തിരിച്ചറിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ യുവതി ഫോണില്‍ നോക്കുന്നതും ചുറ്റും നിരീക്ഷിക്കുന്നതും വ്യക്‌തമാണ്‌. ഈ ദൃശ്യങ്ങളില്‍ ഇവര്‍ ആരെയോ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നതായി തോന്നും.

അതേസമയം, സിമ്രനെ കാണാനില്ലെന്നു കാട്ടി അഞ്ച്‌ ദിവസങ്ങള്‍ക്കുശേഷമാണ്‌ പരാതി ലഭിച്ചതെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. വിവാഹത്തിന്റെ പേരില്‍ യു.എസിലെത്താന്‍ നടത്തിയ ശ്രമമാണോ ഇതെന്നും പോലീസ്‌ സംശയിക്കുന്നുണ്ട്‌.

യു.എസില്‍ സിമ്രന്‌ ബന്ധുക്കളില്ല, ഇംഗ്ലിഷ്‌ സംസാരിക്കാന്‍ അറിയില്ല. അവിടെച്ചെന്നിട്ട്‌ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടില്ല. വൈഫൈ വഴിയാണ്‌ അവരുടെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഇന്ത്യയിലെ കുടുംബാംഗങ്ങളെക്കുറിച്ച്‌ അന്വേഷിച്ചെങ്കിലും ആരെയും ബന്ധപ്പെടാനായില്ലെന്നും അധികൃതര്‍ അറിയിച്ചു.
അഞ്ചടി നാലിഞ്ച്‌ ഉയരമുള്ള സിമ്രനെ കാണാതാകുമ്പോള്‍ വെള്ള ടി-ഷര്‍ട്ടും, ജീന്‍സുമാണ്‌ ധരിച്ചിരുന്നത്‌. ഏകദേശം 68 കിലോ ഭാരമുണ്ട്‌. നെറ്റിയുടെ ഇടത്‌ ഭാഗത്തായി മുറിവിന്റെ പാടുണ്ട്‌. സിമ്രനിനെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന്‌ ലിന്‍ഡന്‍വോള്‍ഡ്‌ പോലീസ്‌ അറിയിച്ചു.