Sports

ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട ; തൊട്ടുപിന്നാലെ ഫില്‍സാള്‍ട്ട് ടി20യില്‍ രണ്ടാമന്‍ ; ആദില്‍ റഷീദ് ബൗളര്‍മാരില്‍ ഒന്നാമനും

ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പോയ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാമന്‍. താരലേലം നടന്നതിന് തൊട്ടുപിന്നാലെയാണ് റാങ്കിംഗില്‍ ഉയര്‍ച്ചയുണ്ടായത്. താരലേലത്തില്‍ ഇംഗ്‌ളീഷ് താരത്തിനായി ഒരു ഫ്രാഞ്ചൈസിയും രംഗത്ത് ഉണ്ടായിരുന്നില്ല.

താരലേലത്തിന് പിന്നാലെ നടന്ന പരമ്പരയില്‍ ഇംഗ്‌ളണ്ട് ഓപ്പണര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍പ്പനടി പുറത്തെടുക്കുകയായിരുന്നു. ട്രിനിഡാഡിലെ ആദ്യ രണ്ടു മത്സരത്തില്‍ തുടര്‍ച്ചയായി നേടിയ സെഞ്ച്വറികളാണ് താരത്തെ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചത്. കരിയറിലെ ഉയര്‍ന്ന റേറ്റിംഗായ 802 ലേക്കാണ് താരം എത്തിയത്. ഐസിസി റാങ്കിംഗ് പ്രകാരം മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനേക്കാള്‍ 15 റേറ്റിംഗ് പോയിന്റുകള്‍ മറികടന്നാണ് മുന്നിലെത്തിയത്.

സാള്‍ട്ടിന്റെ കുതിച്ചുകയറ്റം ഉണ്ടായിരുന്നിട്ടും ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ സൂര്യകുമാര്‍ തുടരുകയാണ്. 887 റേറ്റിംഗ് പോയിന്റുമായിട്ടാണ് ഇന്ത്യന്‍ താരം ഒന്നാമത് നില്‍ക്കുന്നത്. അതേസമയം സാള്‍ട്ടിനെ പോലെ തന്നെ ഐപിഎല്‍ ഓക്ഷനില്‍ വില്‍ക്കപ്പെടാതെ പോയ ലോകത്തിലെ ഏറ്റവും മികച്ച ടി20 സ്പിന്നര്‍മാരില്‍ ഒരാളായ റാഷിദ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ 7-ല്‍ താഴെ ഇക്കോണമിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്.

കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം ഉണ്ടായിരുന്ന താരത്തിന് വേണ്ടി ഫ്രാഞ്ചൈസികളില്‍ നിന്നൊന്നും വിളി വന്നില്ല. എന്നാല്‍ ലേലത്തിന്റെ അടുത്ത ദിവസം തന്നെ, ടി20യിലെ പുതിയ നമ്പര്‍ 1 ബൗളറായി റാഷിദും മാറി. സ്റ്റീവ് സ്മിത്ത്, അകേല്‍ ഹൊസൈന്‍, കരുണ്‍ നായര്‍, മൈക്കല്‍ ബ്രേസ്വെല്‍, ജോഷ് ഹേസില്‍വുഡ് എന്നിവരും വില്‍ക്കപ്പെടാതെ പോയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.