Featured Lifestyle

വനിതാ ഡോക്ടറുടെ മുഖത്ത് നിന്ന് ഹിജാബ് മാറ്റി നിതീഷ് കുമാർ, തടയാൻ ശ്രമിച്ച് ഉപമുഖ്യമന്ത്രി; വിവാദം- വീഡിയോ

പട്ന: പത്താം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ഒരു മാസത്തിനുശേഷം, പട്നയിൽ നടന്ന സർക്കാർ പരിപാടിക്കിടെ ഒരു വനിതാ ഡോക്ടറുടെ മുഖത്തുനിന്ന് ഹിജാബ് വലിച്ചുതാഴ്ത്തിയ നിതീഷ് കുമാറിന്റെ പ്രവൃത്തി വിവാദമാകഒന്നു.

വൈറലായി പ്രചരിക്കുന്ന വീഡിയോയിൽ, തിങ്കളാഴ്ച നടന്ന പരിപാടിയിൽ 74 വയസ്സുകാരനായ നിതീഷ് കുമാര്‍ ഒരു ആയുഷ് (ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി) ഡോക്ടർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതും, അവരുടെ ഹിജാബ് മാറ്റാൻ ആംഗ്യം കാണിക്കുന്നതും കാണാം. ആ സ്ത്രീക്ക് പ്രതികരിക്കാൻ സമയം കിട്ടുന്നതിനുമുമ്പേ, കുമാർ കൈനീട്ടി ഹിജാബ് താഴോട്ട് വലിക്കുന്നതും, അവരുടെ മുഖം വെളിപ്പെടുന്നതും ദൃശ്യമാണ്. പശ്ചാത്തലത്തിൽ ചിലർ ചിരിക്കുന്നത് കാണാമെങ്കിലും, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി കുമാറിനെ തടയാൻ ശ്രമിക്കുന്നുണ്ട്.

കുമാറിന്റെ ഈ പ്രവൃത്തിയെ ‘ദുഷിച്ചത്’ (vile) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ഇത് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് വരുന്ന തകർച്ചയുടെ തെളിവാണോ എന്ന് ആർജെഡി സംശയം പ്രകടിപ്പിച്ചു. “നിതീഷ് ജിക്ക് എന്തുപറ്റി? അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഇപ്പോൾ തികച്ചും ദയനീയമായ നിലയിലെത്തിയിരിക്കുന്നു,” പാർട്ടി എക്‌സിൽ കുറിച്ചു.

പർദ്ദ ആചരിക്കുന്ന ഒരു മുസ്ലീം വനിതയുടെ മുഖത്ത് നിന്ന് ഹിജാബ് നീക്കം ചെയ്തതിലൂടെ, വനിതാ ശാക്തീകരണത്തിന്റെ പേരിൽ ജെഡിയുവും ബിജെപിയും ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയം എങ്ങനെയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കുകയാണ്,” ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. “ഒരു സ്ത്രീയുടെ മൂടുപടം നീക്കുന്നത്, ഒരു തരത്തിൽ ഒരാളുടെ സംസ്കാരത്തിനും മതസ്വാതന്ത്ര്യത്തിനും അനുസരിച്ച് ജീവിക്കാനുള്ള അവകാശം തട്ടിയെടുക്കുന്നതിന് തുല്യമാണ്. അത് ഇന്ത്യൻ ഭരണഘടനയും അതിന്റെ ഭരണഘടനാ വ്യവസ്ഥയും എല്ലാവർക്കും ഉറപ്പുനൽകുന്നതാണ്,” അഹമ്മദ് കൂട്ടിച്ചേർത്തു.

‘ലജ്ജാകരം’ എന്ന് കോൺഗ്രസ്

“അദ്ദേഹത്തിന്റെ ലജ്ജയില്ലാത്ത പ്രവൃത്തി നോക്കൂ – ഒരു വനിതാ ഡോക്ടർ തന്റെ നിയമന കത്ത് വാങ്ങാൻ വന്നപ്പോൾ, നിതീഷ് കുമാർ അവരുടെ ഹിജാബ് വലിച്ചു നീക്കി. ബിഹാറിലെ പരമോന്നത സ്ഥാനം വഹിക്കുന്ന ഒരു വ്യക്തി പരസ്യമായി ഇത്തരം ദുഷിച്ച പ്രവൃത്തിയിൽ ഏർപ്പെടുകയാണ്. ചിന്തിച്ചുനോക്കൂ – സംസ്ഥാനത്തെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരായിരിക്കും? ഈ വെറുപ്പുളവാക്കുന്ന പെരുമാറ്റത്തിന് നിതീഷ് കുമാർ ഉടൻ രാജിവെക്കണം. ഈ നീചമായ പ്രവൃത്തി പൊറുക്കാനാവില്ല,” പാർട്ടിയുടെ എക്‌സ് ഹാൻഡിൽ പോസ്റ്റ് ചെയ്തു.

മാലയിടൽ വിവാദം

ജെഡിയുവും ബിജെപിയും വൻ വിജയം നേടിയ നവംബറിലെ ബിഹാർ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഒരു പൊതുയോഗത്തിൽ വെച്ച് നിതീഷ് കുമാർ ഒരു സ്ത്രീയെ മാലയിടുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അദ്ദേഹം വിമർശനത്തിന് വിധേയനായിരുന്നു. അതിൽ നിന്ന് അദ്ദേഹത്തെ തടയാൻ ശ്രമിച്ച ഒരു ജെഡിയു എംപിയെ മുഖ്യമന്ത്രി ശകാരിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പിന് മുന്നോടിയായി ജന സുരാജ് സ്ഥാപകൻ പ്രശാന്ത് കിഷോറും മറ്റ് നിരവധി നേതാക്കളും കുമാറിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും, അദ്ദേഹം ഭരിക്കാൻ യോഗ്യനല്ലെന്ന് പറയുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ 243 സീറ്റുകളിൽ 200-ൽ അധികം സീറ്റുകൾ എൻഡിഎ നേടിയപ്പോൾ പ്രതിപക്ഷ മഹാസഖ്യം 35-ലേക്ക് ഒതുങ്ങി.