Movie News

തമിഴ്‌സിനിമയുടെ സെറ്റില്‍ വെച്ച് ഒരു നടന്‍ മോശമായി പെരുമാറി; വിശദീകരണവുമായി നിത്യാമേനോന്‍

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഓടിനടന്ന് അഭിനയിക്കുന്ന നടിയാണ് നിത്യാമേനോന്‍. മൂന്ന് സിനിമാവേദിയിലും താരത്തിന് മോശമല്ലാത്ത ആരാധകവൃന്ദവുമുണ്ട്. എന്നാല്‍ അടുത്തിടെ തമിഴ്‌സിനിമായുമായി ബന്ധപ്പെടുത്തി താരം നടത്തിയ ഒരു പ്രസ്താവന ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

തെലുങ്ക് സിനിമയില്‍ നിന്നും തനിക്ക് ഇതുവരെ ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ തമിഴ് സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു തമിഴ് നടന്‍ തന്നെ ഉപദ്രവിച്ചെന്നും നടി പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നടിയെ ഉപദ്രവിച്ച നടന്‍ ആരെന്നറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ക്കുണ്ടായി.

ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി നടിയെത്തുകയും ചെയ്തു. ഇതൊക്കെ അഭ്യൂഹമാണെന്നും വാസ്തവം തരിപോലും ഇല്ലാത്ത കാര്യവുമാണെന്നായിരുന്നു നടിയുടെ പ്രസ്താവന. കിംവദന്തികള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. അടിസ്ഥാന രഹിതമായ കാര്യമാണെന്ന് പറഞ്ഞ നടി ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്നും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് നിത്യ എഴുതി, ‘തെറ്റായ വാര്‍ത്തകള്‍! തികച്ചും അസത്യം! ഞാനൊരിക്കലും ഇങ്ങിനെ ഒരു ഇന്റര്‍വ്യൂ ആര്‍ക്കും നല്‍കിയിട്ടില്ല.

ആര്‍ക്കെങ്കിലും അറിയാമെങ്കില്‍, ആരാണ് ഈ കിംവദന്തി ആരംഭിച്ചതെന്ന് ദയവായി എന്നെ ചൂണ്ടിക്കാണിക്കുക. ക്ലിക്കുകള്‍ ലഭിക്കുന്നതിന് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും പിന്തിരിയാന്‍ ആളുകള്‍ കുറേക്കൂടി ഉത്തരവാദിത്വം കാട്ടേണ്ടതുണ്ടെന്നും നടി പറഞ്ഞു. ധനുഷിനൊപ്പമുള്ള ‘ഡി 50’ ആണ് നിത്യ മേനോന്റെ വരാനിരിക്കുന്ന ചിത്രം.

തന്റെ 50-ാമത്തെ ചിത്രത്തില്‍ രചനയും സംവിധാനവും ധനുഷ് നിര്‍വഹിക്കുന്നു. 2017 ല്‍ പുറത്തിറങ്ങിയ ‘പാ പാണ്ടി’ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്‍ പിക് ചേഴ് സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യ, സന്ദീപ് കിഷന്‍ , കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.