Movie News

മക്കള്‍ക്ക് കാലാവസ്ഥ പിടിക്കുന്നില്ല, ഷൂട്ടിംഗിനെത്താതെ നയന്‍സ്; ചെന്നൈയില്‍ ഊട്ടിയുടെ സെറ്റിടേണ്ട ഗതികേടില്‍ നിര്‍മാതാവ്

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നയന്‍താര ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയിട്ട് നാളുകളായി. താരത്തിന്റെ അവസാന ചിത്രങ്ങളായ കണക്ട്, ലോര്‍ഡ്, അന്നപൂരണി എന്നിവയ്ക്ക് കാര്യമായ സ്വീകാര്യത ലഭിച്ചില്ല. പക്ഷേ പുതിയ സിനിമയുമായി ബന്ധപ്പെട്ട് താരം നിര്‍മ്മാതാവിനെ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ക്ക്.

തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. താന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി നിര്‍മ്മാതാവിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നടിയുടെ വിസമ്മതം കാരണം നിര്‍മ്മാതാവിന് ചെന്നൈയില്‍ ഊട്ടിയുടെ സെറ്റിടാന്‍ നിര്‍ബ്ബന്ധിതനായെന്നുമാണ് റിപ്പോര്‍ട്ട്.

മന്നങ്ങാട്ടി എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഊട്ടിയില്‍ നടത്താനാണ് പദ്ധതി. എന്നാല്‍ നയന്‍താര സിനിമയോട് സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥ തന്റെ കുട്ടികള്‍ക്ക് അനുയോജ്യമില്ലാത്തതിനാല്‍ ഷൂട്ടിംഗിന് വരാന്‍ പറ്റില്ലെന്ന് നയന്‍സ് നിര്‍മ്മാതാവിനോട് കര്‍ശനമായി പറഞ്ഞുവെന്നും മറ്റ് വഴികളൊന്നുമില്ലാതെ വന്ന നിര്‍മ്മാതാവിന് ചെന്നൈയില്‍ ഊട്ടിയ്ക്ക് സമാനമായ സെറ്റ് ഒരുക്കി ഷൂട്ടിംഗ് നടത്തേണ്ടി വന്നെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമേ നയന്‍താര ഷൂട്ടിംഗ് സെറ്റില്‍ തന്റെ മക്കളെയും അവരെ പരിചരിക്കാനായി അഞ്ച് സ്ത്രീകളെയും കൂട്ടിയാണ് വരുന്നത്. ഇവര്‍ക്ക് വേണ്ടി പ്രതിദിനം 20,000 രൂപ വീതം വേതനവും ചര്‍ച്ച ചെയ്തിട്ടുണ്ടത്രേ. ഈ തുകയും നിര്‍മ്മാതാവിന്റെ തലയില്‍ വന്നു പതിച്ചിരിക്കുകയാണെന്ന് സിനിമാ പേട്ടൈ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെല്ലാം പുറമെ പ്രതിഫലം കൂട്ടി ചോദിച്ചും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും പറയുന്നു. നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കുന്നതിന്റെ പേരില്‍ നടി വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണത്രേ.