യമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ തുടരവേ, നിലപാട് കടുപ്പിച്ചു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്‌ദു മഹ്‌ദി. വധശിക്ഷ താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും കുടുംബം മാപ്പു നല്‍കാന്‍ തയാറല്ലെന്ന സൂചനയാണു പുറത്തുവരുന്നത്.
തലാലിന്റെ കബറിടം സന്ദര്‍ശിച്ചു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സഹോദരന്‍, താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന സൂചനയും നല്‍കി. സമയമെടുത്താലും ദൈവം വാഗ്‌ദാനംചെയ്‌ത വിജയം ലഭിക്കുകതന്നെ ചെയ്യുമെന്നു ചിത്രത്തിനൊപ്പം കുറിച്ചു. നിങ്ങള്‍ രക്‌തത്തിനു പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണു നിങ്ങളുടെ വിധി, കുറച്ചു സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്‌ദത്ത വിധിയാണതെന്നു അബ്‌ദു മഹ്‌ദി കുറിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ലെന്ന് നേരത്തെയും ഇയാള്‍ വ്യക്‌തമാക്കിയിരുന്നു. വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ല. കേസില്‍ ദൈവത്തിന്റെ നീതി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ലെന്നും തലാലിന്റെ സഹോദരന്‍ മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും വ്യക്‌തമാക്കിയിരുന്നു. നിമിഷപ്രിയ കേസില്‍ ഇടനിലക്കാരന്‍ സാമുവല്‍ ജെറോമിന്റെ അവകാശവാദങ്ങള്‍ തള്ളി മഹ്‌ദി രംഗത്തുവന്നിരുന്നു.




