Featured Health

രാത്രിയില്‍ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരില്‍ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠനമാണ് ശ്രദ്ധേയമാകുന്നത്. രാത്രിയില്‍ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരില്‍ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

അമേരിക്കയിലെ റട്ജേഴ്സ് സര്‍വകലാശാലയാണ് വിഷയത്തില്‍ പഠനം നടത്തിയത്. മധ്യവയസ്‌കരായ 51 പേരിലാണ് പഠനം നടത്തിയത്. എക്‌സ്‌പെരിമെന്റല്‍ ഫിസിയോളജി എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അമ്പത്തൊന്നു പേരെ ഇരു വിഭാഗങ്ങളായി തിരിച്ചാണ് പഠനം സംഘടിപ്പിച്ചത്. നേരത്തേ കിടന്നുറങ്ങി നേരത്തേ എഴുന്നേല്‍ക്കുന്നവര്‍ ഒരു വിഭാഗവും വൈകിയുറങ്ങി വൈകിയെഴുന്നേല്‍ക്കുന്നവരെ മറ്റൊരു വിഭാഗവുമാക്കി. ഇരുവിഭാഗങ്ങളുടെയും ശരീരത്തിലെ ബോഡി മാസ്, ശരീരഘടന, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി, ശ്വാസത്തിന്റെ സാമ്പിളുകള്‍ എന്നിവയെല്ലാം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഒരാഴ്ച്ചയോളം ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും പഠനവിധേയമാക്കി. കലോറിയും പോഷകവും നിയന്ത്രിതമായ ഡയറ്റാണ് ഇവര്‍ പിന്തുടര്‍ന്നത്. ഡയറ്റ് പഠനത്തിന്റെ റിസല്‍ട്ടിനെ ബാധിക്കാതിരിക്കാനായിരുന്നു ഇത്. കൂടാതെ പതിനഞ്ച് മിനിറ്റോളം മിതവും കഠിനവുമായ വര്‍ക്കൗട്ടുകള്‍ ചെയ്യിക്കുകയും ചെയ്തു.

നേരത്തേ കിടന്നുറങ്ങി എഴുന്നേല്‍ക്കുന്നവരിലാണ് വ്യായാമം ചെയ്യുന്ന സമയത്തും അതിനുശേഷവും ഊര്‍ജത്തിനായി കൂടുതല്‍ കൊഴുപ്പ് ഉപയോഗിക്കുന്നത് എന്നു കണ്ടെത്തി. പ്രമേഹത്തിനു കാരണമാകുന്ന ഇന്‍സുലിന്‍ വ്യതിയാനങ്ങള്‍ നേരത്തേ ഉണരുന്നവരില്‍ ഇല്ലെന്നും കണ്ടെത്തി. രാവിലെ നേരത്തേ ഉണരുന്നവര്‍ ഊര്‍ജത്തിനായി ശരീരത്തിലെ കൊഴുപ്പിനെയാണ് ആശ്രയിക്കുന്നതെന്ന് പഠനത്തിലുണ്ട്. എന്നാല്‍, രാത്രി വൈകിയുറങ്ങി രാവിലെ വൈകി എഴുന്നേക്കുന്നവരില്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ അലിയിച്ചുകളയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. പ്രമേഹത്തിനു കാരണമാകുന്ന ഇന്‍സുലിന്‍ വ്യതിയാനങ്ങളും ഇവരില്‍ അധികമാണെന്ന് പഠനം പറയുന്നു. ഇവയാണ് പ്രമേഹ, ഹൃദ്രോഗ സാധ്യത കൂട്ടുന്ന കാര്യങ്ങളെന്നാണ് പഠനത്തില്‍ പറയുന്നത്.