രോഗങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ജീവിതം സമര്‍പ്പിച്ച ഡോക്ടര്‍മാരുണ്ട്, പൊതുജനാരോഗ്യ വിഷയങ്ങളിലേയക്ക് തങ്ങളെത്തന്നെ എറിഞ്ഞവരുണ്ട്, പിന്നെ കടമയുടെ വിളിക്ക് അപ്പുറം പോകുന്ന അപൂര്‍വ വ്യക്തികളുമുണ്ട്. നിക്കോളായ് മിനോവിച്ചി അത്തരത്തിലുള്ള ഒരാളായിരുന്നു. ഒരു റൊമാനിയന്‍ ഫോറന്‍സിക് ശാസ്ത്രജ്ഞനായ മിനോവിച്ചി, തൂങ്ങിമരണം ദൂരെ നിന്ന് പഠിക്കുക മാത്രമല്ല ചെയ്തത് – അദ്ദേഹം സ്വന്തം ശരീരവും ജീവനും പരീക്ഷണ വിഷയമായി മാറി. അക്ഷരാര്‍ത്ഥത്തില്‍, അദ്ദേഹം കഴുത്തില്‍ ഒരു കുരുക്കിട്ട്, അത് മുറുക്കി, സംഭവിച്ചതെല്ലാം രേഖപ്പെടുത്തി.
വിവിധ മേഖലകളിലേക്ക് ശാസ്ത്രം കടന്നുചെന്ന, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ 1868-ല്‍ റൊമാനിയയിലായിരുന്നു നിക്കോളായ് മിനോവിച്ചി ജനിച്ചത്. നിയമപരമായ കാര്യങ്ങളെ വൈദ്യശാസ്ത്രപരമായ അറിവുമായി സംയോജിപ്പിക്കുന്ന ഫോറന്‍സിക് മെഡിസിന് ശൈശവത്തിലായിരുന്നെങ്കിലും വളര്‍ന്നുവരുന്ന ഒരു ശാസ്ത്രശാഖയാണ് എന്നു മനസിലാക്കി അതില്‍ മിനോവിച്ചി തന്റെ വഴി പെട്ടെന്ന് കണ്ടെത്തി.
മരണമായിരുന്നു അദ്ദേഹത്തിന്റെ അക്കാദമിക ശ്രദ്ധാകേന്ദ്രം , അതിലും കൃത്യമായി പറഞ്ഞാല്‍, സംശയാസ്പദമായ മരണങ്ങളുടെ കാരണം, സാഹചര്യം, അതുമായി ബന്ധപ്പെട്ട ശാരീരിക വിശദാംശങ്ങള്‍ എന്നിവ എങ്ങനെ നിര്‍ണ്ണയിക്കാം എന്നതിലായിരുന്നു. തൂങ്ങിമരണം അക്കാലത്ത് ആത്മഹത്യയുടെയും വധശിക്ഷയുടെയും ഒരു സാധാരണ രീതിയായിരുന്നതിനാല്‍ അത് മിനോവിച്ചിയെ ആകര്‍ഷിച്ചു. എന്നാല്‍ അതിനെക്കുറിച്ച് വായിച്ചതുകൊണ്ട് മാത്രം അദ്ദേഹത്തിന് മതിയായില്ല.
സ്വന്തം ശരീരത്തില്‍ അത് എങ്ങനെ അനുഭവപ്പെടുമെന്ന് അദ്ദേഹത്തിന് അറിയണമായിരുന്നു. 1904-ല്‍ അദ്ദേഹം എഴുതിയ ‘തൂങ്ങിമരണത്തെക്കുറിച്ചുള്ള പഠനം’ എന്ന പുസ്തകത്തില്‍ അദ്ദേഹം പറഞ്ഞതുപോലെ, ‘മരണത്തെ ശരിക്കും മനസ്സിലാക്കാന്‍, അതിന്റെ സമീപനം അറിഞ്ഞിരിക്കണം.’ അതിനര്‍ത്ഥം അദ്ദേഹം സ്വയം കുരുക്കിടാന്‍ തയാറായി എന്നതായിരുന്നു.
മിനോവിച്ചിയുടെ ആദ്യ ശ്രമങ്ങള്‍ ജാഗ്രതയോടെയായിരുന്നു. അദ്ദേഹം തന്റെ പഠനമുറിയില്‍ ഒരു ഉപകരണം സജ്ജീകരിച്ചു: ഹാങ്മാന്റ്സ് നോട്ട് രീതിയില്‍ കെട്ടിയ ഒരു കുരുക്ക്, സീലിംഗിലെ കപ്പിയിലൂടെ കോര്‍ത്ത ശേഷം അതിന്റെ സ്വതന്ത്രമായ അറ്റം കയ്യില്‍ കിട്ടത്തക്ക രീതിയില്‍ വെച്ചു. അദ്ദേഹം ഒരു കട്ടിലില്‍ കിടന്ന്, കഴുത്തില്‍ കയറിട്ട്, അത് വലിച്ചു.
ഫലം പെട്ടെന്നുള്ളതും ക്രൂരവുമായിരുന്നു. അദ്ദേഹത്തിന്റെ മുഖം വയലറ്റ് നിറമായി, കാഴ്ച മങ്ങി, ചെവിയില്‍ വിചിത്രമായ ഒരു ചൂളമടി കേട്ടു. ബോധം മറഞ്ഞുപോകുന്നതായി തോന്നിയപ്പോള്‍ അദ്ദേഹം ആറ് സെക്കന്‍ഡിനുള്ളില്‍ വേഗത്തില്‍ നിര്‍ത്തി. ഇത് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിനു പകരം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഇത്തരം പരീക്ഷണങ്ങള്‍ അദ്ദേഹം പല തവണ സ്വന്തം ശരീരത്ത് നടത്തി. എന്നാല്‍ അതെല്ലാം മരണത്തിന് തൊട്ടുമുമ്പ് അവസാനിപ്പിക്കാനായി. എന്നാല്‍ 1941-ല്‍ അദ്ദേഹം മരിച്ചത് വോക്കല്‍ കോഡുകളെ ബാധിച്ച ഒരസുഖം കാരണമായിരുന്നു. ശാസ്ത്രത്തിന് എല്ലാം നീക്കിവെച്ച അദ്ദേഹം ഒരിക്കലും വിവാഹം കഴിച്ചില്ല.




