കൊല്‍ക്കത്ത: ആവേശകരമായ ട്വന്റി20 ലോകകപ്പ് 2026-ലെ ജേതാക്കളെ അറിയാന്‍ ഇനി മൂന്ന് മത്സരം മാത്രം. തീപാറുന്ന സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് എഴിനു നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കരുത്തന്മാരായ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കും.
മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ഒന്ന് ചാനലിലും ജിയോ ഹോട് സ്റ്റാറിലും തല്‍സമയം കാണാം. ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ ഇന്ത്യാ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെ ഫൈനലില്‍ നേരിടും.
അംഗബലം കൊണ്ടും ”ആയുധ ബലം” കൊണ്ടും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്നു. ടൂര്‍ണമെന്റിലുടനീളം തോല്‍വി അറിയാതെ മുന്നേറുന്ന ദക്ഷിണാഫ്രിക്കയും തകര്‍പ്പന്‍ ഫോമിലുള്ള ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.
ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ വിജയിലച്ച ന്യൂസിലന്‍ഡിനാണ് മുന്‍തൂക്കം. രണ്ട് മത്സരങ്ങള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായത്. പതിനൊന്നാമന്‍ വരെ ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് ന്യൂസിലന്‍ഡ് ടീം. ബൗളിങ്ങില്‍ ന്യൂസിലന്‍ഡ് പക്ഷത്ത് മാറ്റ് ഹെന്‍ഡ്രി, രചിന് രവീന്ദ്ര, എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റര്‍മാരെ വിരട്ടാന്‍ പോന്നവരാണ്.
ക്യാപ്റ്റനും ഓള് റൗണ്ടറുമായ മിച്ചല്‍ സാന്റ്റ്നര്‍ തന്നെയാണ് കിവീസ് പക്ഷത്തെ തുറുപ്പ് ചീട്ട്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഏതൊരു എതിരാളിയെയും കീഴ്പ്പെടുത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ബാറ്റിങ്ങില്‍ ഫിന് അലന്, മാര്‍ക്ക് ചാപ്മാന്, ഡിവോണ്‍ കോണ്‍വേ, ഡാരല്‍ മിച്ചെല്‍ ഗ്ലെന്‍ ഫിലിപ്പ്സ് എന്നിവര്‍ കിവീസിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് തെളിച്ചമേകുന്നു.
അതേ സമയം ഏതു വമ്പന്‍ ടീമിനെയും കീഴ്പ്പെടുത്താനുള്ള ആഫ്രിക്കന്‍ കരുത്തുമായിട്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ടീമില്‍ കരുത്തുറ്റ ബാറ്റിങ്-ബൗളിങ് മികവാണ് പ്രതീക്ഷയേകുന്നത്. ക്വിന്റന്‍ ഡി കോക്ക്, ഓള് റൗണ്ടര്‍ കോര്ബിന് ബോഷ്, എയ്ഡന്‍ മാര്‍ക്രം, ഡേവാല്സ് ബ്രെവിസ്, ഡേവിഡ് മില്ലര്‍ എന്നിവരടങ്ങുന്ന ലോകോത്തര ബാറ്റിങ് നിര ദക്ഷിണാഫ്രിക്കന്‍ ടീമിനെ കരുത്തരാക്കുന്നു. അതേസമയം ലുങ്കി ഇന്‍ഗിഡി, കഗിമസാ റിബാര്ഡ, കേശവ് മഹാരാജ് എന്നിവരടങ്ങുന്ന ബോളിങ് നിര അതി ശക്തമാണ്.
ന്യൂസിലന്‍ഡിനേപ്പോലെ വാലറ്റത്ത് ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഓള് റൗണ്ടര്‍മാരില്ല എന്നത് ദക്ഷിണാഫ്രിക്കയുടെ ഒരു ബലഹീനതയാണ്. എന്നാലും ഏതു പ്രതിസന്ധി ഘട്ടത്തിലും ബാറ്റ് കൊണ്ട് മായാജാലം തീര്‍ക്കുന്നവരും ടീമിലുണ്ട്.




