വാഹനങ്ങള്‍ മനുഷ്യരെ കയറ്റാനുള്ളതാണ്. എന്നാല്‍ വാഹനത്തെ മനുഷ്യര്‍ എടുത്തുകൊണ്ടുപോയാല്‍ എങ്ങിനെയിരിക്കും? ഡല്‍ഹിയില്‍ കഴിഞ്ഞ കുറേദിവസമായി പെയ്യുന്ന മഴയും അതുണ്ടാക്കിയ ട്രാഫിക്ജാമും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. എന്നാല്‍ അതിനിടയില്‍ ഇതാ വ്യത്യസ്തമായ ഒരു വാര്‍ത്ത. ട്രാഫിക് ജാം ഒഴിവാക്കാന്‍ സ്‌കൂട്ടര്‍ തോളില്‍ ചുമന്ന് പോകുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ ഗുരുഗ്രാമില്‍ നിന്നുള്ളതാണെന്ന് ഇത് പോസ്റ്റ് ചെയ്തയാള്‍ അവകാശപ്പെട്ടു.
നിരവധി എക്‌സ് ഉപയോക്താക്കളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റോഡില്‍ കാറുകളും ഇരുചക്രവാഹനങ്ങളും കുത്തിനിറച്ച് കിടക്കുന്നതിനിടയിലൂടെ രണ്ട് പേര്‍ തോളില്‍ സ്‌കൂട്ടര്‍ വെച്ച് ശ്രദ്ധാപൂര്‍വ്വം നടന്നുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘പുതിയ ബാഹുബലി’ എന്ന് ഒരാള്‍ കുറിച്ചു.
ഇത് ‘നാല്/ആറ്/എട്ട് ചക്രങ്ങളുള്ള വാഹനങ്ങളുടെ ഉടമകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ശക്തിയും നല്‍കും. അങ്ങനെ അവര്‍ക്ക് വീട്ടിലെത്താന്‍ കഴിയും!’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ഓഫീസ് യാത്രക്കാര്‍ക്കും ഇത് ചെയ്യേണ്ടിവരുന്ന സമയം വിദൂരമല്ല,’ എന്ന് മറ്റൊരാള്‍ എഴുതി. കനത്ത മഴ കാരണം ഡല്‍ഹിയിലും എന്‍സിആറിലും കനത്ത ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഗുരുഗ്രാമില്‍ യാത്രക്കാര്‍ക്ക് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ റോഡില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. ഈ സംഭവം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു, പലരും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളെയാണ് കുറ്റപ്പെടുത്തിയത്.
ഗുരുഗ്രാമിലെ ‘പേടിസ്വപ്നമായ’ ട്രാഫിക്കിലുള്ള തങ്ങളുടെ അതൃപ്തി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പ്രധാന ഹൈവേകളിലെ വരിവരിയായി നിര്‍ത്തിയിട്ട കാറുകളുടെ ദൃശ്യങ്ങളും വൈറലായി. ഡ്രൈവര്‍ കാര്‍ നിര്‍ത്തിയിടുമോ എന്ന ഭയത്തില്‍ തന്നെ വഴിയില്‍ ഇറക്കിവിട്ടെന്ന് ഒരു സ്ത്രീ എക്‌സില്‍ കുറിച്ചു. ഈ ദുരിത സാഹചര്യത്തിനിടയിലും, മനുഷ്യത്വത്തിന്റെ ഒരു കഥ ആളുകളുടെ ഹൃദയം കീഴടക്കി. ട്രാഫിക്കിനെ വകവെക്കാതെ ഒരു റാപ്പിഡോ ഡ്രൈവര്‍ തന്നെ വീട്ടിലെത്തിച്ചതിനെക്കുറിച്ച് ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.




