Sports

പാക് താരം മുഹമ്മദ് റിസ്വാന്‍ മടങ്ങുമ്പോള്‍ ‘ജയ് ശ്രീറാം’ വിളിക്കുന്ന കാണികള്‍ ; വന്‍ വിമര്‍ശനം

ഇതുവരെയും കീഴടക്കാന്‍ അയല്‍ക്കാര്‍ക്ക് പറ്റിയിട്ടില്ലെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് എക്കാലത്തും ലോകകപ്പിലെ ഹൈവോള്‍ട്ടേജ് മാച്ചാണ്. ഇരു ടീമിന്റെയും ആരാധകര്‍ കപ്പുയര്‍ത്തുന്നതിനേക്കാള്‍ എതിരാളിയെ വീഴ്ത്തുന്നത് പ്രധാനമായി കരുതുമ്പോള്‍ സ്‌പോര്‍ട്‌സാണെന്നതൊക്കെ മറന്നു പോകാറുണ്ട്.

ഒക്ടോബര്‍ 14 ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ പോകുമ്പോള്‍ കാണികള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍, ബുംറയുടെ പന്തില്‍ വിക്കറ്റ് വീഴുന്നത് വരെ റിസ്വാന്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു. പവലിയനിലേക്ക് തിരികെ നടക്കുമ്പോള്‍ ജനക്കൂട്ടത്തിന്റെ ‘ജയ് ശ്രീറാം’ എന്ന ചാന്റ് കേള്‍ക്കാനാകും. അതേസമയം സംഭവത്തിനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവ് ഉദയനിധി സ്റ്റാലിന്‍ ആരാധകരുടെ പെരുമാറ്റത്തെ അപലപിക്കുകയും ”സ്വീകാര്യമല്ല” എന്ന് വിളിക്കുകയും ചെയ്തു.

എക്സിലെ ട്വീറ്റില്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു, ‘ഇന്ത്യ കായികക്ഷമതയ്ക്കും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടതാണ്. എന്നിരുന്നാലും, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ കളിക്കാരോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും നിലവാരിമില്ലാത്ത കായികമല്ലാത്ത പ്രകടനം എന്നാണ് അഭിപ്രായപ്പെട്ടത്. സ്‌പോര്‍ട്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകൃത ശക്തിയാണെന്നും യഥാര്‍ത്ഥ സാഹോദര്യം വളര്‍ത്തിയെടുക്കുന്നന്നതാണെന്നും വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഒരു ഉപകരണമായി അതിനെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ഉദയാനിധി കുറിച്ചു.

റിസ്വാന്‍ ഉള്‍പ്പെട്ട സംഭവത്തോടുള്ള പ്രതികരണങ്ങള്‍ സമ്മിശ്രമാണ്. ഒരു കൂട്ടം ആള്‍ക്കാര്‍ അഹമ്മദാബാദ് കാണികളുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതിനായി രംഗത്ത് വന്നു. 2017 ല്‍ പാകിസ്ഥാന്‍ ആരാധകര്‍ ഇന്ത്യന്‍ കളിക്കാരെ ട്രോളിയതിന്റെ ഒരു ക്ലിപ്പ് ചിലര്‍ പങ്കിട്ടു. എന്നിരുന്നാലും, അഹമ്മദാബാദിലെ ആരാധകരുടെ പെരുമാറ്റം ഇന്ത്യയുടെ ആതിഥ്യ മര്യാദയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ചിലര്‍ വിമര്‍ശിച്ചു.