Oddly News

ശക്തമായ വെള്ളപ്പൊക്കം; 10,000 പേരെ കാണാതായി, അണക്കെട്ട് തകര്‍ന്ന് നഗരത്തിന്റെ കാല്‍ഭാഗം പോയി

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയുടെ കാല്‍ഭാഗം തകര്‍ന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 10,000 പേരെ കാണാനില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മേഖലയില്‍ പേമാരിയിലും കൊടുങ്കാറ്റിലും അണക്കെട്ടുകള്‍ പൊട്ടി നഗരത്തിന്റെ നാലിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തില്‍ നശിച്ചുവെന്നും അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഒരു മന്ത്രിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തില്‍ ഡാനിയല്‍ കൊടുങ്കാറ്റ് മെഡിറ്ററേനിയന്‍ കടലിലൂടെ ആഞ്ഞടിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലിബിയ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശക്തമായ കാറ്റും കനത്ത വെള്ളപ്പൊക്കവും ഉണ്ടായി. ട്രിപ്പോളി ആസ്ഥാനമായുള്ള സര്‍ക്കാര്‍ എമര്‍ജന്‍സി സര്‍വീസ് കണക്കനുസരിച്ച്, ഡെര്‍ണയില്‍ മാത്രം 2,300-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 5,000-ലധികം പേരെ കാണാതായെന്നും സാധാരണ വരണ്ട നദീതടത്തിലേക്ക് ഒഴുകിയെത്തിയ വെള്ളപ്പൊക്കത്തിന്റെ ശക്തിയില്‍ 7,000 പേര്‍ക്ക് പരിക്കേറ്റതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 10,000 പേരെ കാണാതായെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 2,084 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി ലിബിയയുടെ റെഡ് ക്രസന്റ് വക്താവ് തഖ്ഫിഖ് ശുക്രി പറഞ്ഞു.2011-ലെ നാറ്റോ പിന്തുണയുള്ള പ്രക്ഷോഭത്തിന് ശേഷം ലിബിയ രാഷ്ട്രീയമായി കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ടിരിക്കുകയും രണ്ടു ഭരണകൂടങ്ങള്‍ ഭരിക്കുകയും ചെയ്യുകയാണ്.