Celebrity

ഫഹദിനൊപ്പം മനോഹര കുടുംബചിത്രവുമായി നസ്രിയ ;  ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം ഇതാണ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. മലയാളത്തിന്റെ ക്യൂട്ട് കപ്പിള്‍സായാണ് ഫഹദിനേയും നസ്രിയയേയും വിശേഷിപ്പിക്കാറുള്ളത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഇഷ്ടത്തിലായ ഇരുവരും അധികം വൈകാതെ വിവാഹിതരാകുകയായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദും നസ്രിയയും വിവാഹതരാകുന്നത്. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി.

പൊതുവേദികളില്‍ ആണെങ്കിലും മറ്റു പരിപാടികള്‍ക്ക് ആണെങ്കിലും ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്.സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഫഹദിന്റെ കുടുംബത്തോടൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് ഇപ്പോള്‍ നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ഫഹദിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസിലും കുടുംബചിത്രം പങ്കുവെച്ചിട്ടുണ്ട്.

സംവിധായകനും നടനുമായ ഫാസില്‍, നടന്മാരായ ഫഹദ്, ഫര്‍ഹാന്‍, മലയാളികളുടെ പ്രിയങ്കരിയായ നായിക നസ്രിയ എന്നിങ്ങനെ നാല് സെലിബ്രിറ്റികളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം. ഫാസിലിന്റെ ഭാര്യയും പെണ്‍മക്കളായ അഹമ്മയും ഫാത്തിമയും അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമാണ് കുടുംബചിത്രത്തിലുള്ള മറ്റുള്ളവര്‍.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആന്റെ സുന്ദരനികി എന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

സൂര്യയും ദുല്‍ഖറും ഒന്നിയ്ക്കുന്ന സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് നസ്രിയയുടെ ഏറ്റവും പുതിയ പ്രൊജക്ട്. മാമന്നന്‍ ആണ് ഫഹദിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹനുമാന്‍ ഗിയര്‍, പുഷ്പ 2, ആവേശം തുടങ്ങിയ സിനിമകളാണ് ഫഹദിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.