Health

പ്രമേഹം വരുതിയിലാക്കാന്‍ പ്രകൃതിജീവനം

ആധുനിക ജീവിതശൈലിയാണ് പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളുടെ തോത് ക്രമാതീതമായി വര്‍ധിക്കുകയും വിഷസങ്കലം എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ഇപ്രകാരം വിഷസങ്കലനത്തിന്റെ തോത് ഉയരുമ്പോള്‍ ദുഷിച്ച രക്തം എല്ലാ അവയവങ്ങളിലും എത്തും. ഏത് അവയവമാണോ കരുത്ത് കുറഞ്ഞിരിക്കുന്നത് അവയെ ഈ അവസ്ഥ ബാധിക്കുന്നു. പാന്‍ക്രിയാസിന്റെ (ആഗ്നേയഗ്രന്ഥി) പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ പ്രമേഹം പ്രത്യക്ഷപ്പെടുന്നു.

അമിത ഭക്ഷണം, പലതവണകളായുള്ള ഭക്ഷണരീതി, തെറ്റായ ചേരുകള്‍, വ്യായാമമില്ലായ്മ, ദുഃശീലങ്ങള്‍, മാനസികസമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം ശരീരത്തില്‍ വിഷാംശങ്ങള്‍ ഉത്പാദിപ്പിക്കുകയും ആഗ്നേയഗ്രന്ഥിയെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു.

അലസമായ ജീവിതരീതി

ശാരീരികാധ്വാനം കുറഞ്ഞ അലസമായ ജീവിതരീതിയും മദ്യപാനം, പുകവലി എന്നീ ദുശീലങ്ങളും പ്രമേഹത്തെ മാടിവിളിക്കുന്ന ഘടകങ്ങളാണ്. അമിതവണ്ണം ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ബീറ്റാകോശങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കുകയും ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. മനസുമായും ബന്ധപ്പെട്ട ഒരസുഖമാണ് പ്രമേഹം. അമിതമായ മാനസികസമ്മര്‍ദങ്ങള്‍, ഉത്കണ്ഠ എന്നിവയും പ്രമേഹത്തിന് കാരണമാകും.

ഉപവാസത്തിന്റെ ശക്തി

ആഗ്നേയഗ്രന്ഥിയെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പ്രകൃതിചികിത്സ നിര്‍ദേശിക്കുന്നത് ഉപവാസമാണ്. മാനസികവും ശരീരശാസ്ത്രപരവുമായ വിശ്രമം ഉപവാസവേളയില്‍ ആന്തരിക അവയവങ്ങള്‍ക്ക് പൂര്‍ണ വിശ്രമം ലഭിക്കുകയും പാന്‍ക്രിയാസിലെ ബീറ്റാസെല്ലുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമത കൈവരിക്കുന്നു. ഉപവാസവേളയില്‍ ബീറ്റാകോശങ്ങള്‍ക്ക് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തിട്ടപ്പെടുത്തിയശേഷം മരുന്നുകള്‍ പൂര്‍ണമായും പിന്‍വലിച്ചാണ് ഉപവാസം ആരംഭിക്കുന്നത്. ആദ്യത്തെ ഒന്നോ രണ്ടോ ദിവസം രോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില മനസിലാക്കി പച്ചവെള്ളത്തില്‍ ഉപവാസം നല്‍കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ദിവസവും തിട്ടപ്പെടുത്തുകയും ഗ്ലൂക്കോസ് നില കുറയുന്നതിനനുസരിച്ച് തേന്‍വെള്ളമോ കരിക്കിന്‍വെള്ളമോ നല്‍കുകയും ചെയ്യാം.

വിദഗ്ധനായ ഒരു പ്രകൃതിചികിത്സാ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രമേഹരോഗികള്‍ ഉപവസിക്കാന്‍ പാടുള്ളൂ. രോഗിയുടെ ആരോഗ്യനില, മാനസികാവസ്ഥ, രോഗത്തിന്റെ പഴക്കം എന്നിവയനുസരിച്ചാണ് ഉപവാസത്തിന്റെ കാലദൈഘ്യം നിജപ്പെടുത്തുന്നത്.

ചികിത്സകള്‍ പലതുണ്ട്

ഉദരഭാഗത്ത് കളിമണ്ണുകൊണ്ടുള്ള പാക്കുകള്‍, നനച്ചുപിഴിഞ്ഞ തുണികൊണ്ടുള്ള കംപ്രസ്, പച്ചവെള്ളത്തിലുള്ള ഉദരസ്‌നാനം എന്നീ ചികിത്സകളും നല്‍കുന്നുണ്ട്. ഇത്തരം ജലചികിത്സകള്‍ ആഗ്നേയഗ്രന്ഥിയിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ഉപവാസത്തിനുശേഷം 3-4 ദിവസം പഴച്ചാറുകള്‍ മാത്രം കഴിക്കണം. തുടര്‍ന്ന് 3-4 ദിവസം പച്ചക്കറികള്‍ മാത്രം കഴിച്ചുകൊണ്ടുള്ള ഭക്ഷണക്രമവും പിന്നീട് സാധാരണ പ്രകൃതി ഭക്ഷണത്തിലേക്കും വരാം. ഊണുകഴിച്ച് രണ്ടുമണിക്കൂറിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് നിലയും (പി.പി.ബി.എസ്), പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പുള്ള രക്തത്തിലെ നിലയും (എഫ്.ബി.എസ്) തിട്ടപ്പെടുത്തണം. ഇതിനനുസരിച്ചാണ് പ്രമേഹരോഗിയുടെ ഭക്ഷണക്രമം തീരുമാനിക്കുന്നത്.

മനസിനെ നിയന്ത്രിക്കുക

മനസിനെ നിയന്ത്രിക്കുക എന്നത് വളരെ പ്രധാനമാണ്. മനസ് തളര്‍ന്നാല്‍ പ്രമേഹനില വഷളാകും. അതിനാല്‍ യോഗാസനങ്ങളും പ്രാണായാമങ്ങളും ധ്യാനവും പരിശീലിക്കേണ്ടതാണ്. ഭുജംഗാസനം, ധനുരാസനം, പവനമുക്താസനം, പാദഹസ്താസനം, പശ്ചിമോത്തനാസനം, വജ്രാസനം എന്നീ ആസനങ്ങള്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും.

ധ്യാനം, പ്രാണായം എന്നിവ മനസിന് ശാന്തത നല്‍കും. പ്രമേഹം ഒരു ജീവിതശൈലീരോഗമായതിനാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി മാനസികമായി തയാറെടുക്കുക. അല്ലെങ്കില്‍ രോഗത്തില്‍നിന്നും മുക്തി പ്രാപിക്കുവാനോ രോഗം നിയന്ത്രിച്ചുനിര്‍ത്തുവാനോ സാധിക്കുകയില്ല. മിതമായ ഭക്ഷണം, വ്യായാമം, വിശ്രമം, യോഗാപരിശീലനം, കാറ്റും വെയിലും കൊള്ളല്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രകൃതി ജീവനശൈലി സ്വീകരിക്കുകയാണെങ്കില്‍ പ്രമേഹം പൂര്‍ണമായും ഇല്ലാതാക്കാം.