പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കും. അതുപോലെ തന്നെ ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരും. പ്രായം കൂടുന്നതിന് അനുസരിച്ച് മുഖസൗന്ദര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. വെയില്‍ ഏല്‍ക്കുന്ന സാഹചര്യങ്ങളില്‍ ചര്‍മത്തിന് ഏറ്റവും അനുയോജ്യമായ സണ്‍സ്‌ക്രീന്‍ പുരട്ടാനും ധാരാളം വെള്ളം കുടിച്ച് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നിലനിര്‍ത്താനും പ്രത്യേകം ശ്രദ്ധിക്കണം. മതിയായ ഉറക്കവും വ്യായാമവും ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതോടൊപ്പം ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളും നോക്കാം…….
വെള്ളരിക്ക– എന്‍സൈമുകള്‍ അടങ്ങിയ വെള്ളരിക്ക ചര്‍മത്തിലെ ജലാംശവും ദൃഢതയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒരു ഭാഗം വെള്ളരിക്ക നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നേരിട്ട് ചര്‍മത്തിലേയ്ക്ക് തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകി കളയാം.
വെളിച്ചെണ്ണ/ ഒലിവ് ഓയില്‍ – ആന്റിഓക്സിഡന്റുകളും ഫാറ്റി ആസിഡുകളുംകൊണ്ട് സമ്പന്നമായ വെളിച്ചെണ്ണയും ഒലിവ് ഓയിലും ഏറ്റവും മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറുകളാണ്. ചര്‍മത്തെ പോഷിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഉറങ്ങുന്നതിനുമുമ്പ് ചെറിയ അളവില്‍ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ മുഖത്ത് പുരട്ടുക.
ഏത്തപ്പഴം – ഏത്തപ്പഴം നന്നായി ഉടച്ചെടുത്ത് അത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റ് അതേ നിലയില്‍ തുടരാന്‍ അനുവദിക്കുക. ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ കഴിയുന്ന വിറ്റാമിനുകളും പോഷകങ്ങളും ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
കറ്റാര്‍വാഴ – ചര്‍മത്തിന്റെ ഏതൊരു പ്രശ്‌നത്തിനും ഉത്തമ പരിഹാരമാര്‍ഗമാണ് കറ്റാര്‍വാഴ. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തി ദൃഢത കാത്തുസൂക്ഷിക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. കറ്റാര്‍വാഴ ലഭ്യമാണെങ്കില്‍ അതില്‍ നിന്നുള്ള ജെല്‍ നേരിട്ട് മുഖചര്‍മത്തില്‍ പുരട്ടാം. കറ്റാര്‍വാഴയുടെ സത്ത് അടങ്ങിയ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
മുട്ടയുടെ വെള്ള – ചര്‍മത്തിന്റെ മുറുക്കം നിലനിര്‍ത്താന്‍ ഏറെ സഹായകമാണ് മുട്ടയുടെ വെള്ള. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുക്കുക. നന്നായി പതഞ്ഞ പരുവത്തില്‍ ഇത് മുഖത്തിന്റെ എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
തേന്‍ – ചര്‍മ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് ഒട്ടേറെ ഗുണങ്ങളാണ് തേനില്‍ അടങ്ങിയിരിക്കുന്നത്. ചര്‍മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നതിനൊപ്പം മൃതകോശങ്ങള്‍ നീക്കം ചെയ്ത് നിറം വര്‍ധിപ്പിക്കാനും കൊളാജന്‍ ഉത്പാദനത്തെ സഹായിക്കാനും തേനിന് സാധിക്കും. അസംസ്‌കൃത തേന്‍ നേരിട്ട് ഒരു മാസ്‌ക്കായി മുഖത്ത് തേച്ചുപിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാം. അതല്ലെങ്കില്‍ തൈര്, നാരങ്ങാനീര്, കറ്റാര്‍വാഴ എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി കലര്‍ത്തി മിശ്രിതമാക്കിയും മുഖത്ത് പുരട്ടാവുന്നതാണ്.
ഗ്രീന്‍ ടീ -ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ചര്‍മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. തണുപ്പിച്ചെടുത്ത ഗ്രീന്‍ ടീ ബാഗുകള്‍ കണ്ണുകള്‍ക്ക് മുകളില്‍ അല്‍പ സമയം വച്ചു കൊടുക്കാം. കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാനും ചുളിവുകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.