മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരുടെ പട്ടികയിലേക്ക് ഉയരുകയാണ് യുവനടന്‍ നസ്‌ളീന്‍. കേവലം 25 വയസ്സിനകം വലിയ സൂപ്പര്‍താരങ്ങള്‍ക്ക് പോലും കഴിയാത്ത വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് നടന്‍. സഹനടനായി വന്ന് നായകനായി മാറിയ താരം രണ്ടു തവണ 100 കോടി ക്ലബ്ബില്‍ കയറിയാണ് ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റിലേക്ക് ഉയര്‍ത്താനും നടന് കഴിഞ്ഞു.
കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ നസ്‌ളീന്‍ അഭിനയിച്ച ‘ലോക്: ചാപ്റ്റര്‍ 1 ചന്ദ്ര’ എന്ന സിനിമയും 100 കോടിയിലേക്ക് ഉയര്‍ന്നതോടെയാണ് നടന്‍ മോളിവുഡിലെ ശ്രദ്ധേയമായ താരങ്ങളുടെ നിരയിലേക്ക് ഉയര്‍ന്നത്. ഒരു നടനെന്ന നിലയില്‍ നസ്ലെന്റെ ശ്രദ്ധേയമായ നേട്ടമാണ്, അദ്ദേഹത്തിന്റെ രണ്ട് സിനിമകള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്.
2024-ല്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന റൊമാന്റിക് കോമഡിയിലൂടെ നസ്‌ളീന്‍ വലിയ ജനപ്രീതി നേടി. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. മമിത ബൈജു, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, മാത്യു തോമസ്, അല്‍ത്താഫ് സലിം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 100 കോടി കടന്നു. ഇത് മലയാള സിനിമയുടെ ചരിത്രത്തിലെ ആറാമത്തെ വലിയ പണംവാരി ചിത്രവും, 2024-ലെ നാലാമത്തെ വലിയ ഹിറ്റുമായി മാറി.
2025-ല്‍ ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമയിലെ പ്രകടനത്തിനും നസ്ലെന് മികച്ച പ്രതികരണം ലഭിച്ചു. ഈ സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയില്ലെങ്കിലും, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഈ പ്രോജക്ട് 65 കോടി നേടി. ലുക്മാന്‍ അവറാന്‍, ഗണപതി എസ്. പൊതുവാള്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചു.
മലയാള സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ഹീറോ സിനിമയായ ലോകയില്‍ സപ്പോര്‍ട്ടിങ്‌റോളിലാണ് അദ്ദേഹം എത്തിയത്. ആദ്യ ആഴ്ച തന്നെ സിനിമ 50 കോടി കടന്നിരുന്നു. നിലവില്‍ 2025-ലെ മൂന്നാമത്തെ വലിയ പണംവാരി ചിത്രമാണ് ലോക.




