വാഷിങ്ടണ്‍: നാസയുടെ ഗോഡ്ഡാര്‍ഡ് സ്പേസ് ഫൈ്ലലറ്റ് സെന്ററിലെ (ഗ്രീന്‍ബെല്‍റ്റ്, മേരിലാന്‍ഡ്) ലൈബ്രറി ഇന്ന് അടച്ചുപൂട്ടും. നാസയുടെ ഏറ്റവും വലിയ ലൈബ്രറിയാണ് അടച്ചുപൂട്ടുന്നത്.
1959 മുതല്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രധാന ഗവേഷണ കേന്ദ്രമായിരുന്നു ഗോഡ്ഡാര്‍ഡ് സ്പേസ് ഫൈ്ലലറ്റ് സെന്റര്‍. 1,00,000 പുസ്തകങ്ങളുള്ള ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടമാണു തീരുമാനമെടുത്തത്. ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായാണു വെട്ടിച്ചുരുക്കല്‍. 1.270 ഏക്കര്‍ കാമ്പസിലുള്ള 13 കെട്ടിടങ്ങളും 100ല്‍ അധികം ശാസ്ത്രഎന്‍ജിനീയറിങ് ലബോറട്ടറികളും ഈ വര്‍ഷം മാര്‍ച്ചില്‍ അടച്ചുപൂട്ടും. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ്, ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് എന്നിവയുടെ വികസനത്തെ ഗോഡ്ഡാര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കൊളാബറേഷന് സെന്റര്‍ പിന്തുണച്ചിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ലൈബ്രറിയിലെ കൈവശമുള്ള വസ്തുക്കള്‍ ഏജന്‍സി വിലയിരുത്തും. ഇതില്‍ ചില വസ്തുക്കള്‍ സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിക്കും. ബാക്കിയുള്ളവ ‘ഉപേക്ഷിക്കുമെന്നു’ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബഹിരാകാശ പേടകങ്ങള്‍ പരീക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പ്രത്യേക ഉപകരണങ്ങളും ഇലക്ട്രോണിക്സും ഇതിനോടകം തന്നെ നീക്കം ചെയ്തു കഴിഞ്ഞു. 2022 മുതല്‍ നാസ യു.എസിലെ മറ്റ് ഏഴ് ലൈബ്രറികള്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍, ലൈബ്രറികള്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ ആശങ്കയുണ്ടെന്നു മേരിലാന്‍ഡ് സെനറ്റര്‍ ക്രിസ് വാന്‍ ഹോളന് പറഞ്ഞു.




