Celebrity

‘അതൊരു സ്ട്രോങ്ങ്‌ സാധനം തന്നെ, എന്റെ നവദ്വാരങ്ങളിൽ കൂടി കാറ്റു പോയി…’ സ്പിരിറ്റിലെ മണിയനെക്കുറിച്ച് നന്ദു

മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി അഥവാ നന്ദു. അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. സഹതാരവേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരത്തിന്റെ ഹാസ്യവേഷങ്ങൾ പ്രേക്ഷകർ ഏറെ ആസ്വദിച്ചിട്ടുണ്ട്. എങ്കിലും നന്ദു എന്ന നടന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സ്പിരിറ്റിലെ മണിയൻ. വെറുപ്പും ദേഷ്യവും മാത്രമല്ല ചിലപ്പോഴൊക്കെ ആ കഥാപാത്രത്തോട് സഹതാപവും പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ട്. ഇപ്പോഴിതാ സ്പിരിറ്റിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നന്ദു. സ്റ്റോറീസ് ബൈ നന്ദു വിലാണ് താരമിത് സംസാരിക്കുന്നത്.

“സ്പിരിറ്റിന്റെ കാര്യം പറയുമ്പോൾ പറയേണ്ട മറ്റൊരു കാര്യമുണ്ട്. മുഴുവൻ സമയം വെള്ളമടിക്കുന്ന, വായിൽ ഇങ്ങനെ തമ്പാക്കൂപോലെയുള്ള ഒരു സാധനം വയ്ക്കുന്ന ഒരാളാണ് അതിലെ മണിയൻ. സാധാരണ സിഗരറ്റിന്റെ ചുക്ക പോലെയുള്ള ഒരു സാധനവും വേറെ എന്തോ കൂടി ചേർത്തു ഉള്ളംകൈയിൽ വച്ച് തിരുമ്മി എന്നിട്ട് വായിൽ വയ്ക്കണം. ഷോട്ട് എടുത്തിട്ടത് തുപ്പിക്കളയാം. ഒരു ഷോട്ടിൽ അത് പൊട്ടിച്ച് കൈയിൽ വച്ച് തിരുമ്മി വായിലേക്ക് വയ്ക്കുന്ന സീനുണ്ട്. എന്നോടത് ചെയ്യും മുൻപ് ശങ്കർ രാമകൃഷ്ണൻ ചോദിച്ചു,’ അണ്ണാ ഇത് വയ്ക്കുമോ, ഇത് മുൻപ് ചെയ്തിട്ടുണ്ടോ?’ എന്ന്. ഞാൻ പറഞ്ഞു, ‘ഇല്ല, ചെയ്തിട്ടില്ല. എനിക്കങ്ങനെയുള്ള വൃത്തികെട്ട സ്വഭാവം ഇല്ല. എനിക്കത് ഇഷ്ടവുമല്ല. ചെയ്തിട്ടുമില്ല..’

അത് കേട്ട് ശങ്കർ പറഞ്ഞു, ‘ ഇത് ഇത്തിരി സ്ട്രോങ്ങ്‌ സാധനമാ, പറ്റില്ലെങ്കിൽ നമുക്ക് ആ സീൻ അവോയ്ഡ് ചെയ്യാം.’ ഞാൻ പറഞ്ഞു, ഏയ്‌, കുഴപ്പമില്ല. ഞാൻ ചെയ്തോളാം എന്നായി ഞാൻ. അങ്ങനെ ബൈക്കിൽ ഇരുന്നാണ് ഞാനതു ചെയ്തത്. സ്റ്റാർട്ട്‌ ക്യാമറ ആക്ഷൻ പറഞ്ഞു. ഞാനതു പൊട്ടിച്ച്, കൈയിൽ വച്ച് തട്ടി തിരുമ്മി, ചുണ്ട് അകറ്റി, വായിലേക്ക് വച്ചു. വാ അടച്ചു. അടച്ചത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ. ഈ വച്ച സെക്കൻഡിൽ തന്നെ നവദ്വാരങ്ങളിൽ കൂടി കാറ്റു പോയി. കാറ്റു പോയെന്നു പറഞ്ഞാൽ ഒരു ഷൂളം, ഹീ എന്ന് പോയി. എന്റെ ഈശ്വരാ എന്തൊരു സ്ട്രോങ്ങ്‌ സാധനം. തലകറങ്ങുന്ന പോലെ തോന്നി. . അടുത്ത ഷോട്ട് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതാണ്. വണ്ടി ഞാൻ സ്റ്റാർട്ട്‌ ചെയ്തു, കട്ട്‌ പറഞ്ഞു. അയ്യോ അത് കഴിഞ്ഞപ്പോൾ ഞാനതു തുപ്പി. പക്ഷേ എന്നിട്ടും എനിക്കെന്തോ തലകറങ്ങുന്ന പോലെയോ, ഛർദ്ദിക്കാൻ വരുന്ന പോലെയോ ഒക്കെ തോന്നി. കുടിക്കാൻ കൊണ്ട് വച്ച ഒരു കുപ്പി വെള്ളം ഞാൻ മട മടാന്നു കുടിച്ചു. ചമ്പക്കര മാർക്കറ്റിൽ വച്ചായിരുന്നു ഷൂട്ട്‌, അവിടെയുള്ള കടയിൽ നിന്ന് രണ്ടു പാക്കറ്റ് സംഭാരം വാങ്ങി കുടിച്ചു. ഏകദേശം പതിനഞ്ചു മിനിട്ട് കഴിഞ്ഞു ഞാൻ നോർമൽ ആയി വരാൻ. അപ്പോൾ ഞാൻ ആലോചിച്ചു, ഈ ആൾക്കാർ ഒക്കെ ഈ സാധനം ആണല്ലോ ചോറ് കഴിക്കുന്നത് പോലെ കഴിക്കുന്നതെന്ന്. സിനിമ മേഖലയിൽ തന്നെ പലരും ഇത് ഉപയോഗിക്കുന്നുണ്ട്. ഞാൻ അവരോടൊക്കെ പറഞ്ഞു, ക്യാൻസറസ് ആണിത്.

പക്ഷേ എന്നിട്ടും പലരുമിത് ചെയ്യുന്നുണ്ട്. ഇപ്പോൾ പക്ഷേ ബ്ലാക്കിൽ മാത്രമേ ഈ സാധനം കിട്ടുവൊള്ളൂ എന്ന് തോന്നുന്നു. ബംഗാളികളിൽ പലരുമിത് ഉപയോഗിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു അവർക്കത് വച്ചാലെ ജോലി ചെയ്യാൻ പറ്റൂ എന്ന്. അല്ലെങ്കിൽ ചത്തേ ചതഞ്ഞേ എന്ന് പറഞ്ഞിരിക്കും. അത് വച്ചെങ്കിലെ ജോലി ചെയ്യാനുള്ള ഊർജം അവർക്ക് കിട്ടൂ എന്ന് തോന്നുന്നു. ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും ഞാനതു സിനിമയ്ക്കു വേണ്ടി ചെയ്തത് ഇപ്പോഴും ഓർക്കുമ്പോൾ ഈശ്വരാ… അതൊരു ഭയങ്കര പിടുത്തമായിരുന്നു…. ” നന്ദു പറയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സ്പിരിറ്റിലെ നന്ദുവിന്റെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങളും നിരൂപക പ്രശംസയും കിട്ടിയതാണ്.