Crime

ലഹരിയുടെ കെട്ടിൽ സ്വന്തം വീടിനു തീയിട്ട് 71കാരൻ: പിന്നാലെ അറസ്റ്റ്

ലഹരിയുടെ കെട്ടിൽ പൂർണ്ണ നഗ്നനായി സ്വന്തം വീടിനു തീയിട്ട് 71 കാരൻ. യുകെയിൽ നിന്നുള്ള വാൾട്ടർ ഹാരിസൺ എന്ന 71-കാരനാണ് അതികഠിനമായ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം സ്വന്തം വീടിന് തീയിട്ടത്. സംഭവത്തിന്‌ പിന്നാലെ ഇയാളെ നാലര വർഷത്തേക്ക് ജയിലിൽ അടച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്റ്റാഫോർഡ്ഷയറിലെ ലീക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ദി മിറർ പറയുന്നതനുസരിച്ച്, ഭ്രാന്തമായ സ്വഭാവത്തിനു കാരണമാകുന്ന ‘മങ്കി ഡസ്റ്റ്’ എന്നറിയപ്പെടുന്ന ഒരു സിന്തറ്റിക് മരുന്നിന്റെ സ്വാധീനത്തിലായിരുന്നു ഹാരിസൺ. ഇതിനു പിന്നാലെയാണ് ഇയാൾ നിയന്ത്രണം നഷ്ടപ്പെട്ട് വന്യമായി പെരുമാറാൻ തുടങ്ങിയത്.

അതിരാവിലെ, പൂർണ്ണ നഗ്നനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ വിചിത്രമായ കാര്യങ്ങൾ വിളിച്ചുപറയുകയും, സാധനങ്ങൾ വലിച്ചെറിയുകയുമായിരുന്നു. തുടർന്ന് അയൽവാസികളുടെ വാതിലിൽ മുട്ടുകയും വിചിത്രമായി പെരുമാറുകയും ചെയ്തതോടെ അയൽക്കാരി പോലീസിനെ വിളിക്കുകയായിരുന്നു. ഈ സമയത്താണ് ഹാരിസന്റെ വീട്ടിൽ നിന്ന് പുക ഉയരുന്നത് അയൽക്കാരിയുടെ ശ്രദ്ധയിൽപെട്ടത്. ആ സമയത്ത് ഹാരിസൺ തന്റെ വളർത്തുനായ ആക്‌സലിനൊപ്പമായിരുന്നു. ഏതായാലും, ആർഎസ്‌പിസിഎ സംഘം എത്തിയതോടെ ഇരുവരും പരിക്കേൽക്കാതെ രക്ഷപെട്ടു.

എന്നാൽ തൊട്ടുപിന്നാലെ ഹാരിസന്റെ ബംഗ്ലാവിനും തീപിടിച്ചു. കിടപ്പുമുറിയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം മനപ്പൂർവ്വം നടത്തിയതാണെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പടർന്ന തീ സ്വീകരണമുറിയിലേക്കും ഇടനാഴിയിലേക്കും വ്യാപിച്ചതോടെ വൻ നാശം സംഭവിക്കുകയായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി നിലവിൽ ഏകദേശം 100,000 പൗണ്ടാണ് കണക്കാക്കിയിരിക്കുന്നത്, ഇത് 1.1 കോടി രൂപയിലധികം വരും.

അപകടത്തിനു പിന്നാലെ പോലീസ് എത്തി ഹാരിസണെ അറസ്റ്റ് ചെയ്തെങ്കിലും പുക ശ്വസിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ഉടൻ ചോദ്യം ചെയ്തിരുന്നില്ല. പകരം ഇയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് അധികൃതർ ചെയ്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാരിസണിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. 53 വ്യത്യസ്ത കേസുകളിൽ 23 മുൻകാല ശിക്ഷകൾ ഇയാൾക്ക് ഉണ്ടായിരുന്നു. ജീവൻ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിനു തീ വെച്ച സംഭവത്തിൽ ഇയാൾ കുറ്റസമ്മതം നടത്തിയ ശേഷം, നാലര വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ വീട് പൂർണമായും തകർന്നതോടെ ഹാരിസണും വീടില്ലാത്ത അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *