Good News

മകൻ ജോലിയെടുക്കില്ല, കുടുംബം പുലര്‍ത്താന്‍ വൃദ്ധമാതാവ് രാത്രിയില്‍ ഓട്ടോ ഓടിക്കുന്നു- വീഡിയോ

കുടുംബത്തിലെ സ്ത്രീകൾ മാത്രം ജോലി ചെയ്യുകയും കുടുംബം പുലര്‍ത്തുന്നതും പുതിയ കാര്യമല്ല. ചിലർ ജോലിചെയ്യുന്നത് അതിനോടുള്ള അഭിനിവേശം കൊണ്ടാണെങ്കില്‍ ചിലർ കുടുംബത്തിന്റെ നിർബന്ധം കൊണ്ടോ വീട്ടിലെ പ്രത്യേകസാഹചര്യത്തില്‍ നിന്നുണ്ടാകുന്ന നിസ്സഹായാവസ്ഥയലിലുമാകാം. അങ്ങനെ നിസ്സഹായയായ വിധവയായ ഒരു വൃദ്ധ സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

സ്ത്രീകൾ ടാക്സികളും ഇ-റിക്ഷകളും ഓടിക്കുന്നതില്‍ പുതുമയില്ല.. എന്നാൽ രാത്രിയിൽ ഒരു സ്ത്രീയും ഈ ജോലി ചെയ്യുന്നതായി കാണാനാകില്ല, എന്നാൽ രാത്രി ഇ-റിക്ഷ ഓടിക്കുന്ന ഈ വൃദ്ധയുടെ ഒരു ചെറിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്തുകൊണ്ടാണ് താൻ ഈ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും എന്തിനാണ് അഭിമാനത്തോടെ ഇത് ചെയ്യുന്നതെന്നും അവര്‍ പറയുന്നു. ഈ അമ്മയുടെ ധീരതയെ ആളുകൾ പ്രശംസിക്കുന്നുമുണ്ട്.

തനിക്ക് 55 വയസ്സുണ്ടെന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാണ് രാത്രിയിൽ ഓട്ടോ ഓടിക്കുന്നതെന്നും അവര്‍ പറയുന്നു. തനിക്ക് ഒരു മകനുണ്ടെങ്കിലും ജോലിയൊന്നും ചെയ്യുന്നില്ലെന്നും അതിനാൽ ഈ പ്രായത്തിലും താന്‍ ജോലി ചെയ്യേണ്ടിവരുന്നെന്നും അവര്‍ പറഞ്ഞു. മകൻ ജോലി ചെയ്ത് സമ്പാദിക്കുന്നില്ലെന്നും തന്നോട് പണം ആവശ്യപ്പെടുമ്പോള്‍ നൽകാൻ വിസമ്മതിച്ചാല്‍ തന്നോട് വഴക്കിടുന്നുണ്ടെന്നും സങ്കടത്തോടെ അവൾ വെളിപ്പെടുത്തി. “എന്റെ കുട്ടി എന്നെ ബഹുമാനിക്കുന്നില്ല, ഞാൻ മറ്റെന്താണ് പറയുക? ഒരുപക്ഷേ എന്റെ വളർത്തലിൽ എന്തെങ്കിലും കുറവുണ്ടായിരിക്കാം.” അവർ പറഞ്ഞു.

വൈകുന്നേരം വീട്ടിൽ നിന്ന് ഇ-റിക്ഷയിൽ പുറപ്പെടുന്ന താൻ പുലര്‍ച്ചെ 1.30ക്കാണ് തന്റെ വീട്ടിലെത്തുന്നതെന്ന് അവര്‍ പറയുന്നു. വീട്ടിൽ എത്തിയതിനു ശേഷം മാത്രമാണ് ഭക്ഷണം കഴിക്കുക. ഭിക്ഷാടനത്തേക്കാൾ നല്ലതാണ് ജോലി ചെയ്ത് ജീവിക്കാൻ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഈ ഹൃദയസ്‌പർശിയായ വീഡിയോ പങ്കിട്ടു. 58 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 60,000-ത്തിലധികം തവണ കണ്ടു, അതേസമയം ആയിരക്കണക്കിന് വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോ കണ്ടതിന് ശേഷം വ്യത്യസ്തമായ പ്രതികരണങ്ങളാണ് ആളുകൾ നൽകിയത്. ഒരു ഉപയോക്താവ് എഴുതി, ‘ജീവിതം വിചിത്രമാണ്. അങ്ങനെയൊരു കുട്ടിയെ ദൈവം ആർക്കും നൽകരുത്. മറ്റ് സ്ത്രീകൾക്ക് പ്രചോദനമായതിനാൽ നെറ്റിസൺസ് അവരുടെ ശക്തിയെ പ്രശംസിക്കുന്നു.